കുവൈത്ത് സിറ്റി: ഈ മാസത്തോടെ രാജ്യത്ത് വേനല്‍ച്ചൂടിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ആഗസ്റ്റ് 24ന് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ കനത്ത ചൂടിന് ആശ്വാസമാകുമെന്ന് അറബ് യൂനിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ് അംഗം ബദർ അൽ അമിറ പറഞ്ഞു.
വേനലിന്റെ അവസാന ഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട്, ശൈത്യകാലം മുഴുവനും തെളിഞ്ഞുകാണുന്ന നക്ഷത്രമാണ് ‘സുഹൈല്‍’. പരമ്പരാഗതമായി സുഹൈൽ നക്ഷത്രം തെളിയുന്നത് കുവൈത്തില്‍ അന്തരീക്ഷ താപനില കുറഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
‘സിറിയസി’നുശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് ‘സുഹൈലെ’ന്നാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രകേന്ദ്രം പറയുന്നത്. ഭൂമിയിൽനിന്ന് ഏകദേശം 313 പ്രകാശവർഷം അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്.
സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുകയും കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറാണെങ്കില് മഴ ദുർബലവുമായിരിക്കും. കാറ്റ് തെക്കോട്ടാണ് വീശുന്നതെങ്കില്‍ കനത്ത മഴ ലഭിക്കുമെന്നും അൽ അമിറ പറഞ്ഞു. അതേസമയം, നിലവിൽ രാജ്യത്ത് ഉയർന്ന താപനില തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ കുവൈത്ത് സിറ്റിയിലും ജഹ്റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യസിലെത്തി. ഈ മാസം അവസാനത്തോടെ കത്തുന്ന ചൂടില്‍ ഗണ്യമായ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ്.
ഈ മാസം 11ന് ക്ലെബിൻ സീസണിന്റെ പ്രവേശനത്തോടെ വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കും. വേനല്‍ക്കാലത്തെ അവസാന സീസണാണ് ക്ലെബിൻ സീസൺ. 13 ദിവസം നീണ്ടുനിൽക്കുന്ന ചൂടേറിയ ക്ലെബിൻ സീസൺ അവസാനിക്കുന്നതോടെ താപനിലയിലും കുറവുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.