കുവൈത്ത് സിറ്റി: രാജ്യത്തിന്റെ പുതിയ അമീറായി അധികാരമേറ്റ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ വ്യത്യസ്ത മേഖലകളിലുള്ളവർ അഭിനന്ദിച്ചു. കുവൈത്തിനെ കൂടുതൽ സമൃദ്ധിയിലേക്കും ശോഭനമായ ഭാവിയിലേക്കും നയിക്കാനുള്ള ദൗത്യം അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് നിർവഹിക്കുമെന്ന് ആശംസകൾ അറിയിച്ച ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ പറഞ്ഞു.
കുവൈത്ത് ജനതയെ സേവിക്കുന്നതിലും രാജ്യതാൽപര്യം സംരക്ഷിക്കുന്നതിലും തന്റെ കടമ നിറവേറ്റിയ അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ശക്തമായ പിന്തുണ നൽകിയതിന് പുതിയ അമീറിനെ സ്പീക്കർ അഭിനന്ദിച്ചു.
കുവൈത്ത് നാഷനൽ ഗാർഡ് (കെ.എൻ.ജി) ചീഫ് ശൈഖ് സലിം അൽ അലി അസ്സബാഹ് അമീറിന് പൂർണ പിന്തുണയും വിജയാശംസകളും അറിയിച്ചു. കുവൈത്തിനെയും ജനങ്ങളെയും സേവിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾക്കും ത്യാഗങ്ങളും സൂചിപ്പിച്ച് ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തന്റെ സന്ദേശത്തിൽ അമീറിനെ അഭിനന്ദിച്ചു. രാജ്യത്തിന്റെയും ജനതയുടെയും നേതാവെന്ന നിലയിൽ അദ്ദേഹം തുടർന്നും വിജയിക്കുമെന്ന് പ്രത്യാശിച്ചു. അമീറിന് ക്ഷേമവും നല്ല ആരോഗ്യവും ആശംസിച്ചു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അമീറിന് അഭിനന്ദന സന്ദേശം അയച്ചു.
ജനതയെയും രാജ്യത്തെയും അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കുന്നതിൽ അമീറിന് എല്ലാ വിജയങ്ങളും ആശംസിച്ചു. മന്ത്രിമാരും അമീറിന് ആശംസകളും അഭിനന്ദനവും അറിയിച്ചു.
കുവൈത്തിനെ മികച്ച രീതിയിൽ സേവിക്കുന്നതിനും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കി അമീർ ആശംസകൾക്കും പ്രതീക്ഷകൾക്കും നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.