കുവൈത്ത് സിറ്റി: കർശന നടപടികളും കോവിഡ് പ്രതിസന്ധിയും കാരണം നിലച്ചിരുന്ന വിസക്കച്ചവടം വീണ്ടും സജീവമാകുന്നു. കുവൈത്തിലെ ഗാർഹികത്തൊഴിലാളി ക്ഷാമവും വിവിധ രാജ്യങ്ങളിലെ തൊഴിലില്ലായ്മയും മുതലെടുത്താണ് വിസക്കച്ചവടക്കാരുടെ ചൂഷണം. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് വിസ അനുവദിച്ചുതുടങ്ങിയതോടെ വിസക്കച്ചവടക്കാരും തലപൊക്കി. ഇതുസംബന്ധിച്ച പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായി. ഗാർഹികത്തൊഴിലാളി വിസയിൽ എത്തി സ്വദേശി വീടുകളിൽ പ്രതീക്ഷിച്ച ശമ്പളവും തൊഴിൽസാഹചര്യവും ലഭിക്കാത്തവരുടെ ദുരിതകഥകൾ വിവിധ കോണുകളിൽനിന്ന് ധാരാളം വരുന്നുണ്ട്. കുവൈത്തികളിൽനിന്ന് കനത്ത തുക വാങ്ങി തൊഴിലാളികളെ കൈമാറുന്ന ഇടനിലക്കാർ തൊഴിലാളികളോടും തൊഴിലുടമകളോടും പറയുന്നത് രണ്ടുതരം വ്യവസ്ഥകളാണ്. ഇത് രണ്ടും ഒത്തുപോകാതെവരുമ്പോൾ പ്രശ്നം തുടങ്ങുന്നു. കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽനിന്ന് എത്തിയ നിരവധി പേർ പ്രയാസത്തിലാണ്. നിയമാനുസൃതം അല്ലാത്ത വഴികളിലൂടെ എത്തിയവരാണ് പ്രശ്നങ്ങളിൽ അകപ്പെടുന്നവരിലധികവും.
വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിൽ വരുന്നവർക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അധികൃതർക്ക് ഇടപെടാൻ എളുപ്പമാണ്. ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് ഇന്ത്യയും കുവൈത്തും ധാരണപത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ഈ ധാരണപത്രം. ഇതനുസരിച്ച് പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല. സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും. റിക്രൂട്ട്മെൻറിന്റെ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽനിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല. തൊഴിലാളിക്ക് പൂർണമായ ശമ്പളം ലഭ്യമാക്കണം. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. തൊഴിലിടങ്ങളിൽ പീഡനമോ പ്രയാസങ്ങളോ ഉള്ളവർക്ക് ഇന്ത്യൻ എംബസിയെ ബന്ധപ്പെടാം. ഇന്ത്യൻ എംബസി ആശയവിനിമയത്തിന് വാട്സ്ആപ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങളിൽ പരാതി അറിയിക്കാനും അന്വേഷണങ്ങൾക്കും +965-51759394, +965-55157738 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ്ആപ് മെസേജ് അയക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.