കുവൈത്ത് സിറ്റി: സ്റ്റേഡിയങ്ങളിലേക്കും കായിക പരിപാടികളിലേക്കും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്തവരെ പ്രവേശിപ്പിക്കില്ല. ഇതുസംബന്ധിച്ച് കുവൈത്ത് മന്ത്രിസഭ സ്പോർട്സ് പബ്ലിക് അതോറിക്ക് നിർദേശം നൽകി. തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് പ്രോട്ടോകോൾ കർശനമാക്കാൻ തീരുമാനിച്ചത്. ആഭ്യന്തര മത്സരങ്ങൾക്കും ചെറിയ സ്പോർട്സ് ഇവന്റുകൾക്കും നിർദേശം ബാധകമാണ്. സലൂണുകൾ, കിഡ്സ് ക്ലബുകൾ, ജിംനേഷ്യങ്ങൾ, നഴ്സറികൾ എന്നിവക്കും ആരോഗ്യ മാർഗനിർദേശം കർശനമായി പാലിക്കാനും ജീവനക്കാരും സന്ദർശകരും വാക്സിൻ എടുത്തുവെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കർഫ്യൂ ഏർപ്പെടുത്തുമെന്ന് വ്യാജ പ്രചാരണം
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ഏർപ്പെടുത്താൻ മന്ത്രിസഭ ഒരുങ്ങുന്നതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സർക്കാർ വക്താവ് താരിഖ് അൽ മസ്റം ഇത് നിഷേധിച്ച് രംഗത്തെത്തി. അത്തരത്തിൽ ഒരു തീരുമാനവും മന്ത്രിസഭ എടുത്തിട്ടില്ലെന്നും ശരിയായ വാർത്താ ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഫ്യൂ, ലോക്ഡൗൺ എന്നിവ ഏർപ്പെടുത്താനോ വിമാനത്താവളം അടച്ചിടാനോ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കുകയും ബൂസ്റ്റർ ഡോസ് വേഗത്തിലാക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. ആശങ്കയുടെ ആവശ്യമില്ലെന്നും സൂക്ഷ്മതയും ജാഗ്രതയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.