കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ കൂടുതലും പ്രതിരോധ കുത്തിവെപ്പെടുക്കാത്ത വിദേശികളെന്ന് ഉന്നത കോവിഡ് കമ്മിറ്റി മേധാവി ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. പുതിയ കേസുകളിൽ അധികവും ഇൻവെസ്റ്റ്മെൻറ് റെസിഡൻഷ്യൽ ഏരിയയിൽ താമസിക്കുന്ന വിദേശികളാണ്.
കുത്തിവെപ്പിന് അനുവദിച്ച സമയക്രമം പാലിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എം.എസ് ആയി അയക്കുന്ന സമയത്ത് തന്നെ കുത്തിവെപ്പ് കേന്ദ്രത്തിൽ എത്തണം. കൂടുതൽ പേർ ഒരേസമയം കുത്തിവെപ്പ് കേന്ദ്രത്തിൽ ഒത്തുകൂടാതിരിക്കാൻ സമയക്രമം പാലിക്കുന്നത് വഴി കഴിയും.
പലരും അപ്പോയ്ൻറ്മെൻറ് നൽകിയ സമയത്തല്ല കുത്തിവെപ്പെടുക്കാൻ വരുന്നത്. ഇത് പ്രായോഗിക ബുദ്ധമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിട്ടും കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞിട്ടില്ല.
സാമൂഹിക അകലം പാലിച്ചും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചും ജനങ്ങൾ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമേ മഹാമാരിയെ നിയന്ത്രിക്കാൻ കഴിയൂവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.