കുവൈത്ത് സിറ്റി: ഇറക്കുമതി ചെയ്ത വൻ മദ്യശേഖരവുമായി വ്യാപാരി പിടിയിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർകോട്ടിക് കൺട്രോൾ പ്രതിനിധാനംചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഫർവാനിയ പ്രദേശത്തുനിന്ന് പിടികൂടിയ മദ്യവ്യാപാരിയിൽനിന്ന് 569 കാർട്ടനുകളിൽനിന്നായി 6,828 കുപ്പി ഇറക്കുമതി ചെയ്ത മദ്യം പിടിച്ചെടുത്തു. അര ദശലക്ഷം കുവൈത്ത് ദീനാർ വിലമതിക്കുന്നതാണ് ഇവ.
പ്രതി വിൽപനക്കും ഉപയോഗത്തിനുമായി മദ്യം ഇറക്കുമതി ചെയ്ത് കൈവശം വെക്കുന്നതായി ലഹരിവിരുദ്ധ ഉദ്യോഗസ്ഥർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി നിയമനടപടികൾ സ്വീകരിച്ച ശേഷം രഹസ്യനീക്കത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇറക്കുമതി ചെയ്ത മദ്യം സൂക്ഷിക്കാൻ ഹവല്ലിയിൽ രണ്ട് ട്രക്കുകൾ ഉപയോഗിച്ചിരുന്നതായും പ്രതി വ്യക്തമാക്കി. തുടർന്നുള്ള പരിശോധനയിൽ മദ്യം അടങ്ങിയ പെട്ടികൾ കണ്ടെത്തുകയായിരുന്നു.
നിയമനടപടികൾക്കായി പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് ലഹരി വസ്തുക്കളുടെ കടത്ത്, ഉപയോഗം, വിൽപന എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ വൻതോതിൽ ഹാഷിഷ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.