കുവൈത്ത് സിറ്റി: കുവൈത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർക്കാർ ഒാഫിസുകളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവർത്തനസമയം പുനഃക്രമീകരിക്കണമെന്ന നിർദേശവുമായി മുഹന്നദ് അൽ സായർ എം.പി.
രണ്ട് വിഭാഗമായി തിരിച്ച് ആദ്യ വിഭാഗത്തിന് രാവിടെ 6.30 മുതൽ ഉച്ചക്ക് 12.30 വരെയും രണ്ടാമത്തെ വിഭാഗത്തിന് 9.30 മുതൽ 3.30 വരെയുമായി ഒാഫിസ് പ്രവർത്തനം പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം. സിവിൽ സർവിസ് കമീഷൻ വ്യവസ്ഥ പ്രകാരം ആറുമണിക്കൂർ ജോലി സമയം പൂർത്തീകരിക്കാൻ ഇതുകൊണ്ട് തടസ്സമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏർപ്പെടുത്തിയ ഷിഫ്റ്റ് സമ്പ്രദായം ഒഴിവാക്കി സർക്കാർ ഒാഫിസുകളുടെ പ്രവർത്തനം കഴിഞ്ഞയാഴ്ച മുതൽ പൂർണതോതിലായതോടെ റോഡുകളിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിലാണ് എം.പിയുടെ നിർദേശം. സ്കൂൾ തുറക്കുകയും വിദേശത്ത് കുടുങ്ങിക്കിടക്കുന്ന മൂന്നുലക്ഷത്തിലേറെ പ്രവാസികൾ തിരിച്ചെത്തുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്ക് മുറുകും. വിദ്യാർഥികൾ സ്കൂളിലേക്ക് പോവുകയും ഉദ്യോഗസ്ഥർ ജോലിക്ക് പോവുകയും ചെയ്യുന്ന രാവിലെയും തിരിച്ചുവരുന്ന വൈകീട്ടും പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മഹാമാരിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും സാമാന്യം നല്ല തിരക്കാണ് റോഡുകളിൽ അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.