കുവൈത്ത് സിറ്റി: വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ ഇനി അതിവേഗം. ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ സഹൽ ആപ് വഴി ആരംഭിച്ചു. ഇതോടെ ഓഫിസുകളിൽ എത്താതെ അതിവേഗത്തിൽ മൊബൈൽ ഫോൺ വഴി ഇടപാടുകൾ പൂർത്തിയാക്കാം. അവധി ദിവസങ്ങളടക്കം ആഴ്ചയില്‍ ഏഴു ദിവസവും സേവനം ലഭ്യമാകും.
ഇതിനായി സഹല്‍ ആപ്പില്‍ പ്രവേശിച്ച് ട്രാഫിക് സേവന വിഭാഗത്തിൽ 'വാഹന ഉടമസ്ഥാവകാശ കൈമാറ്റ' സേവനം തിരഞ്ഞെടുക്കണം. തുടര്‍ന്ന് വാഹനത്തിന്റെ വിശദാംശങ്ങൾ അടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. ശേഷം പുതിയ ഉടമയുടെ സിവിൽ ഐ.ഡി നമ്പര്‍ നല്‍കാം.
ഇതോടെ വാഹനം വാങ്ങുന്നയാളുടെ സഹൽ ആപ്പിൽ അറിയിപ്പ് ലഭിക്കും. അതിനുശേഷം പുതിയ ഉടമ ആപ് വഴി വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ അംഗീകരിക്കുകയും, ഇൻഷുറൻസ് ഡോക്യുമെന്റ് ട്രാൻസ്ഫർ ഫീസ് നൽകുകയും വേണം.തുടർന്ന് വിൽപനക്കാരൻ വാഹനത്തിന്റെ വില ലഭിച്ചതിന്റെ രേഖകള്‍ അപ്ലോഡ് ചെയ്യുന്നതിനായി ലഭിച്ച എസ്.എം.എസ് നോട്ടിഫിക്കേഷന്‍ തുറക്കണം.
അതിനുശേഷം, വാങ്ങുന്നയാൾക്ക് എസ്.എം.എസ് സന്ദേശം ലഭിക്കുന്നതിനായി ഉടമസ്ഥാവകാശ കൈമാറ്റ ഫീസ് നൽകണം. ഇതോടെ കൈമാറ്റം പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ഇലക്ട്രോണിക് വാഹന ലൈസൻസ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷന്‍ തുറന്നതിനുശേഷം വാഹന ലൈസൻസ് ‘കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ’ ഡിജിറ്റൽ വാലറ്റിലേക്ക് അപ്ലോഡ് ചെയ്യണമെന്നും ആഭ്യന്തമന്ത്രാലയം അറിയിച്ചു.
നേരത്തേ ട്രാഫിക് ഓഫിസുകളിലെത്തി ഒരു ദിവസത്തോളം നീണ്ട ഇടപാടുകളിലൂടെയാണ് ഇത് സാധ്യമായിരുന്നത്. പുതിയ സേവനം വഴി പൊതു ജനങ്ങൾക്ക് സമയ ലാഭവും സേവനത്തിൽ സുതാര്യതയും ലഭിക്കും. കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.