ഞെട്ടിപ്പിക്കുന്ന ദുരന്തവാർത്തയാണ് കഴിഞ്ഞ ദിനങ്ങളിൽ നാം കേട്ടതും കണ്ടതും. സന്തോഷത്തിന്റെ നിമിഷങ്ങൾ നിലവിളികളായി മാറിയ ദിനം. പല അപകടങ്ങളും തിരുത്തലുകൾക്ക് അവസരം നൽകുന്നുവെങ്കിലും ഭരണസംവിധാനവും അനുബന്ധ വകുപ്പുകളും നമ്മളും കാണിക്കുന്ന അനാസ്ഥകളും ലാഘവത്തോടെയുള്ള സമീപനങ്ങളുമാണ് ബന്ധുമിത്രാദികളെ നഷ്ടപ്പെടാനുള്ള മുഖ്യമായ കാരണം.
ദീർഘദൂര യാത്രകളിൽ വാഹനം മാറിമാറി ഓടിക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാവുക, കായൽ, ബോട്ട്, റോപ് വേ എന്നിവിടങ്ങളിലെ സുരക്ഷാ മുന്നറിയിപ്പുകളായ സേഫ്റ്റി ബെൽറ്റുകൾ, ഹെൽമെറ്റുകൾ, ലൈഫ് ജാക്കറ്റുകൾ എന്നിവ കൃത്യമായി ഉപയോഗിക്കുക, പരിചിതമല്ലാത്ത റോഡുകളിൽ അമിത വേഗത്തിൽ വാഹനം ഓടിക്കാതെ നോക്കുക, അനുവദനീയമല്ലാത്ത വിധം ആളുകൾ റൈഡുകൾ ഉപയോഗിക്കാതിരിക്കുക എന്നിവ നമ്മുടെ മാത്രം സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ്. അതിൽ നാം അലംഭാവം കാണിക്കുമ്പോൾ നികത്താനാവാത്ത നഷ്ടങ്ങൾ നമുക്ക് നൽകുന്നു. അതോടൊപ്പം അഴിമതിയുടെ ചുവടുപിടിച്ച് അനധികൃതമായി നേടുന്ന ലൈസൻസുകളിൽ ആരംഭിക്കുന്ന ഇത്തരം സംരംഭങ്ങളും അതിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരും ഈ അപകടങ്ങൾക്ക് കാരണക്കാരാണ്. വലിയ ശിക്ഷ ഇല്ലാതെ പുറത്തിറങ്ങാമെന്നത് ഇത് ആവർത്തിക്കപ്പെടാൻ കാരണവുമാകുന്നു.
അപകടം സംഭവിച്ച ദിനങ്ങളിൽ ഉണർന്നുപ്രവർത്തിക്കുന്ന നിയമസംവിധാനങ്ങൾ കൃത്യമായി 365 ദിവസവും പ്രവർത്തിച്ചാൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനാകും. മരണപ്പെട്ടവർക്കും പരിക്കുപറ്റിയവർക്കും സർക്കാർ പ്രഖ്യാപിക്കുന്ന ദുരന്ത നഷ്ടപരിഹാര തുക പൂർണമായും കാരണക്കാരിൽനിന്നും ഈടാക്കണം. ബോട്ട് ഉടമ മാത്രമല്ല, അനധികൃതമായ ലൈസൻസ്, പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണം. നിയമം ശക്തമായി നടപ്പിലാക്കുകയും അത് നോക്കിനടത്തുകയും ചെയ്യുക വഴിയേ അപകടങ്ങൾക്ക് അറുതിവരുത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.