കുവൈത്ത് സിറ്റി: വാഹന രേഖകൾ പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നീ സേവനങ്ങൾ ജനുവരി മുതൽ ഡിജിറ്റലാകും. ജനുവരി രണ്ടു മുതൽ വാഹന പുതുക്കൽ സേവനവും, ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും ഡിജിറ്റലാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘സഹൽ’ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നടപ്പിലാക്കുക. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാലിന്റെ നിർദേശ പ്രകാരമാണ് സേവനം നടപ്പാക്കുന്നത്.
ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതുവഴി പ്രക്രിയ ലളിതവും സുഗമമായി മാറും. ഇതു സംബന്ധമായി ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഇൻഷുറൻസ് റെഗുലേറ്ററി യൂനിറ്റിന് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് നിർദേശം നല്‍കിയിരുന്നു. ഗതാഗത നിയമത്തിലെ എക്സിക്യൂട്ടിവ് റെഗുലേഷനിലെ 81/1976 റെസലൂഷൻ അനുസരിച്ചാണ് ഓൺലൈൻ സേവനം ആരംഭിക്കുന്നത്.
നേരത്തെ രാജ്യത്തെ ഇൻഷുറൻസ് ഫെഡറേഷൻ പ്രതിനിധികളുമായി നടന്ന യോഗത്തില്‍ വാഹന ഉടമസ്ഥാവകാശം പുതുക്കലും കൈമാറ്റവും ഉൾപ്പെടെയുള്ള സേവനങ്ങള്‍ ഓൺലൈനിൽ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.