നിയമം പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു 

നിയമലംഘനം: 45 സഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: നിയമങ്ങൾ പാലിക്കാത്ത 45 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിച്ചതായി മുബാറക് അൽകബീർ മുനിസിപ്പാലിറ്റി ബ്രാഞ്ച് ഡയറക്ടർ ഫലാഹ് അൽഷമാരി അറിയിച്ചു. സബാഹ് അൽ-സേലം ഏരിയയിലെ മുനിസിപ്പാലിറ്റി ടീമുകളുടെ പരിശോധനയിലാണ് നിയലംഘനങ്ങൾ ശ്രദ്ധയിൽപെട്ടത്. മുബാറക് അൽകബീർ ഗവർണറേറ്റിലെ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

നിക്ഷേപ റിയൽ എസ്റ്റേറ്റിലെ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈത്ത് ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ രണ്ടാഴ്ച മുമ്പ് മുനിസിപ്പാലിറ്റി ആരംഭിച്ച കാമ്പയിൻ എല്ലാ ഗവർണറേറ്റുകളിലും തുടരുന്നതായി അൽ ഷമ്മരി വ്യക്തമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. 35 ലംഘന റിപ്പോർട്ടുകൾ വിവിധ നിക്ഷേപ കെട്ടിടങ്ങളിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പാലിറ്റിയുടെയും ഫയർഫോഴ്സിന്റെയും നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മുനിസിപ്പാലിറ്റി ഫയർഫോഴ്സുമായി സഹകരിച്ച് ആറ് വ്യത്യസ്ത ഗവർണറേറ്റുകളിലും നിയമലംഘനം നടത്തുന്ന സ്റ്റോറുകൾ പരിശോധിച്ച് വരുകയാണ്.

സുരക്ഷപരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: നിയമങ്ങൾ പാലിക്കാത്തവരെ പിടികൂടുന്നതിനായി സുരക്ഷ ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ പരിശോധന തുടരുന്നു. ജിലീബ്, മഹ്ബുല്ല എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടന്നു. ശുയൂഖ്‌, മഹബൂല, ബിനീദ്‌ അൽഘാർ, ഫർവാനിയ, ഖൈത്താൻ, അഹമ്മദി, ശുവൈഖ്‌ മുതലായ പ്രദേശങ്ങളിൽ നേരത്തേ പരിശോധന നടന്നിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അൽ ബർജാസ്, മേജർ ജനറൽ ജമാൽ അൽ സയെഗ് എന്നിവരുടെ സാന്നിധ്യം പരിശോധന സംഘത്തിനൊപ്പമുണ്ട്.

നിയമലംഘനം നടത്തിയ നിരവധിപേർ ഇതിനകം പിടിയിലായിട്ടുണ്ട്. നിയമലംഘകരോട്‌ ഒരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് ഉദ്യോഗസ്ഥർക്ക്‌ നിർദേശമുണ്ട്. എന്നാൽ, ജനങ്ങളോട് മനുഷ്യത്വപരമായും കാരുണ്യത്തോടെയും പെരുമാറാനും പരിശോധന വിലയിരുത്താനെത്തിയ ആഭ്യന്തരമന്ത്രി ഷൈഖ്‌ തലാൽ അൽ ഖാലിദ്‌ അൽ സബാഹ്‌ ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Violation: 45 establishments closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.