കുവൈത്ത് സിറ്റി: കഴിഞ്ഞ ആറു മാസത്തിനിടെ അഞ്ചു രാജ്യങ്ങളിൽനിന്ന് തൊഴിൽ വിസയിലും അല്ലാതെയും 47,826 പേർ കുവൈത്തിലെത്തി. പാർലമെൻറിൽ ഡോ. വലീദ് അൽ തബ്തബാഇ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വിസ നിരോധനം ഏർപ്പെടുത്തുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത ഇറാൻ, ഇറാഖ്, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് തൊഴിൽ, കുടുംബ, സന്ദർശക വിസയിലെത്തിയവരുടെ കണക്കാണിത്.
2016 ഡിസംബർ മുതൽ 2017 ജൂലൈ രണ്ടു വരെ കുവൈത്തിലേക്ക് പ്രവേശന വിസ നൽകപ്പെട്ടവരാണിത്. 37,755 പേരുമായി ബംഗ്ലാദേശികളാണ് കൂടുതലെത്തിയത്. ഇറാഖ് (2353), പാകിസ്താൻ (6204), ഇറാൻ (1297), അഫ്ഗാനിസ്താൻ (217) എന്നിങ്ങനെയാണ് മറ്റ് നാലു രാജ്യങ്ങൾക്ക് ഈ കാലത്ത് അനുവദിച്ച പ്രവേശന വിസയുടെ കണക്ക്. സർക്കാർ– സ്വകാര്യ മേഖലകളിലേക്കുള്ള തൊഴിൽ വിസ മുതൽ ഗാർഹിക തൊഴിൽ വിസ, ആശ്രിത വിസ, ചികിത്സ വിസ, കുടുംബ സന്ദർശന വിസ, വിനോദസഞ്ചാര വിസ തുടങ്ങിയവയിലാണ് ഇവരെത്തിയത്. അതേസമയം, ഈ അഞ്ചു രാജ്യങ്ങളിൽനിന്നെത്തിയവരിൽ വെറും 984 പേരെ മാത്രമാണ് സർക്കാർ ജോലിയിൽ നിയമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 18,016 പേർക്ക് ഗാർഹിക ജോലിക്കുവേണ്ടിയാണ് വിസ അനുവദിച്ചത്. 17,089 എണ്ണവുമായി ബംഗ്ലാദേശികളാണ് ഗാർഹിക വിസ അനുവദിക്കപ്പെട്ടവരിൽ അധികവും. ഇറാഖ് (അഞ്ച്), ഇറാൻ (ആറ്), പാകിസ്താൻ (38), അഫ്ഗാനിസ്തൻ (17) എന്നിങ്ങനെയാണ് മറ്റു നാലു രാജ്യങ്ങളിൽനിന്ന് ഗാർഹിക വിസയിലെത്തിയത്.
25 ശതമാനത്തിൽ കൂടുതലുള്ള ഓരോ വർക് പെർമിറ്റിനും 250 ദീനാർ അധിക ഫീസ്
കുവൈത്ത് സിറ്റി: സ്വകാര്യ തൊഴിൽ മേഖലകളിലെ വിദേശികളുടെ വർക് പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക–തൊഴിൽകാര്യമന്ത്രി ഹിന്ദ് അസ്സബീഹിെൻറ പുതിയ ഉത്തരവ്. സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവക്ക് ആവശ്യമായ മൊത്തം തൊഴിലാളികളിൽ വിദേശികളുടെ എണ്ണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്നും ഇവരിൽതന്നെ 25 ശതമാനത്തിൽ കൂടുതൽ പേർക്ക് വർക് പെർമിറ്റ് അനുവദിക്കണമെങ്കിൽ അധികം വരുന്ന ഓരോന്നിലും 250 ദീനാർ ഫീസ് കൂടുതൽ നൽകണമെന്നുമാണ് മന്ത്രിയുടെ ഉത്തരവ്. സർക്കാറിെൻറ ഔദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.