കുവൈത്ത് സിറ്റി: ചൂടിന് ആശ്വാസമായി ചൊവ്വാഴ്ച മഴ എത്തി. രാവിലെ രാജ്യത്താകമാനം ലഭിച്ച മഴ അന്തരീക്ഷത്തെ വൈകീട്ടുവരെ ഈർപ്പമുള്ളതാക്കി. ചൊവ്വാഴ്ച രാവിലെ ശരാശരി മഴയാണ് ലഭിച്ചത്. ചൂടേറിയ അന്തരീക്ഷത്തിൽ ഭൂമിയെ തണുപ്പിച്ച മഴ റോഡുകളിലും താഴ്ന്ന ഇടങ്ങളിലും വെള്ളക്കെട്ടുകൾ സൃഷ്ടിച്ചു. ചൂടിനിടെ എത്തിയ മഴയും സുഖകരമായ കാലാവസ്ഥയും ജനങ്ങൾക്ക് ആശ്വാസമായി. അതേസമയം, ബുധനാഴ്ച ഉച്ചയോടെ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ഇടിമിന്നലോടുകൂടിയ മഴക്കൊപ്പം ആലിപ്പഴം പെയ്യാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.
വ്യാഴാഴ്ച രാവിലെയോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടും. രാജ്യത്ത് വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്ത് രൂപപ്പെടുന്ന ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണ് മഴക്ക് കാരണം. രണ്ടു ദിവസം മിതമായ തെക്കുകിഴക്കൻ കാറ്റ് സജീവമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ പറഞ്ഞു. ഉയർന്ന തിരമാലക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയെ നേരിടാൻ അധികൃതർ വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മഴയിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൗരന്മാരെയും പ്രവാസികളെയും ഉണർത്തി. അത്യാവശ്യഘട്ടങ്ങളിൽ അടിയന്തര ഫോൺ നമ്പറായ 112ൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.