കുവൈത്ത് സിറ്റി: രണ്ടു ദിവസങ്ങളിലായി കുവൈത്തിലെത്തിയ ലോകകപ്പ് ക്രിക്കറ്റ് ട്രോഫി ആരാധകർക്ക് സമ്മാനിച്ചത് നിർവൃതിയുടെ നിമിഷങ്ങൾ. ടി.വി സ്ക്രീനിൽ മാത്രം കണ്ട ലോക കിരീടം അടുത്തുനിന്നു കാണാനും കൂടെ ഫോട്ടോ എടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുവൈത്തിലെ ക്രിക്കറ്റ് പ്രേമികൾ. ജീവിതത്തിൽ അപൂർവമായി മാത്രം ലഭിക്കുന്ന അവസരം അവർ ശരിക്കും വിനിയോഗിച്ചു. വെള്ളിയാഴ്ച സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് നൂറുകണക്കിന് പേരാണ് ലോക കിരീടം കാണാനായി എത്തിയത്.
വൈകീട്ട് അഞ്ചു മുതലാണ് പ്രദർശനവും ഫോട്ടോ എടുക്കാനുള്ള അവസരവും ഒരുക്കിയത്. ഇതിനുമുമ്പേ തന്നെ നീണ്ട വരി ആരംഭിച്ചിരുന്നു. രാത്രി ഏറെ വൈകിയും പ്രദർശനം തുടർന്നു. ഒരു മണിയോടെയാണ് അവസാനിപ്പിച്ചത്.ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വലിയ നിര ട്രോഫി കാണാനെത്തി. മലയാളികളും അവസരം ആഘോഷമാക്കി.
ഒക്ടോബർ അഞ്ചു മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായി ക്രിക്കറ്റ് ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോക കിരീടം കുവൈത്തിൽ എത്തിയത്. വ്യാഴാഴ്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ അബ്ബാസ് ഫർമാൻ, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖാജ തുടങ്ങിയവർ ചേർന്നാണ് ട്രോഫി കുവൈത്തിൽ അവതരിപ്പിച്ചത്.
കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ടീം അംഗങ്ങൾ, ഐ.സി.സി പ്രതിനിധികൾ, പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഭാരവാഹികൾ എന്നിവർ രണ്ടു ദിവസവും ട്രോഫിയെ അനുഗമിച്ചു.ലോക കിരീടം കുവൈത്തിൽ എത്തിക്കാനായതിൽ വലിയ സന്തോഷമുണ്ടെന്ന് കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗവും മലയാളിയുമായ നവീൻ ഡി. ധനഞ്ജയൻ പറഞ്ഞു. കുവൈത്ത് ക്രിക്കറ്റിൽ വലിയ മത്സരങ്ങൾ വരാനിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം.പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യയിൽ എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.