കുവൈത്ത് സിറ്റി: വേള്‍ഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തെരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്റെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ വിജയമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി. ഈ നേട്ടം സൗദിയുടെ കഠിനാധ്വാനത്തിന്റെയും ദേശീയ ദൃഢതയുടെയും അന്തർദേശീയ നിലയുടെയും ആദരണീയമായ ഫലമാണെന്നും സമഗ്ര മുന്നേറ്റത്തിനായുള്ള ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മേഖലയിലെ വികസനത്തിന് ഇത് കാരണമാകുമെന്നും കുവൈത്ത് വ്യക്തമാക്കി.
ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി 2030 ലെ വേള്‍ഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്. വോട്ടെടുപ്പിൽ 130 രാജ്യങ്ങളുടെ പിന്തുണ സൗദിക്ക് ലഭിച്ചു.
2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് സൗദിയിലെ വേൾഡ് എക്സ്പോ. റിയാദ് ആയിരിക്കും വേദി. 2020 യു.എ.ഇയിൽ എത്തിയ എക്സ്പോ ദുബൈയില്‍ വിജയകരമായി നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.