മസ്കത്ത്: പിണറായി വിജയെൻറ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ വ്യാഴാഴ്ച കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രവാസികൾ ശുഭപ്രതീക്ഷയിൽ. കാലാകാലമായി അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇത്തവണയെങ്കിലും പരിഹാരമുണ്ടാവുമെന്ന ആഗ്രഹത്തിലാണവർ.
യാത്രപ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും കോവിഡ് പ്രതിസന്ധിമൂലം പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ േകന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുന്നതടക്കമുള്ള നീക്കങ്ങളുണ്ടാവുമെന്നും പ്രവാസികൾ കരുതുന്നു. കോവിഡ് പ്രതിസന്ധിമൂലവും മറ്റും ജോലി നഷ്ടപ്പെട്ട ആയിരങ്ങൾക്ക് ആശ്വാസകരമായ നടപടികൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണിവർ.
പ്രവാസികൾക്ക് അനുകൂലമായ നിലപാടുകളാണ് കഴിഞ്ഞ അഞ്ചു വർഷക്കാലം ഇടതുപക്ഷ സർക്കാർ സ്വീകരിച്ചതെന്നും പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്ന സർക്കാറിൽനിന്ന് ഇതിൽ കൂടുതലാണ് പ്രതീക്ഷിക്കുന്നതെന്നും സാമൂഹിക പ്രവർത്തകനായ വടകര വില്യാപ്പള്ളി സ്വദേശി ഹരിദാസൻ പറഞ്ഞു. നിലവിൽ പ്രവാസികളെ മൊത്തമായി ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം കേരളത്തിലെ വിമാന നിരക്കുകളാണ്. കേരളത്തിലേക്കുള്ള ഉയർന്ന നിരക്കുകൾ കുറക്കാൻ ആവശ്യമായ നടപടികൾ ഇടതു സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഇത് കാലാകാലമായി ഉന്നയിക്കുന്ന വിഷയമാണെങ്കിലും ഇതുവരെ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. വിഷയം കേന്ദ്ര സർക്കാറുമായി ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കണം. ഇതിന് സാധ്യമാവാത്ത അവസ്ഥയിൽ സ്വന്തം വിമാന സർവിസ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് പാശ്ചാത്തലത്തിൽ കേരളത്തിൽ കുടുങ്ങിയ പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ സർക്കാർ മുൻഗണന നൽകേണ്ടതെന്ന് സാമൂഹിക പ്രവർത്തകനായ വടകര സ്വദേശി കെ. മുനീർ ആവശ്യപ്പെട്ടു. യാത്രവിലക്കടക്കമുള്ള നിരവധി പ്രശ്നങ്ങൾ കാരണം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോവാൻ കഴിയാതെ ആയിരക്കണക്കിന് പ്രവാസികളാണ് കേരളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർക്കുള്ള യാത്രവിലക്കുകൾ നീക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം.
ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ പരീക്ഷ നീട്ടിവെച്ചത് കാരണം 10, 12 ക്ലാസുകളിലെ നിരവധി കുട്ടികൾ ഗൾഫിൽ കുടുങ്ങിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലും മറ്റും പോയി ഉപരിപഠനം നടത്തേണ്ടവരും ഇതിലുണ്ട്. പരീക്ഷ നടക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇവർക്ക് ഗൾഫ് രാജ്യങ്ങളിൽ തന്നെ തങ്ങേണ്ട അവസ്ഥയാണുള്ളത്. ഇത്തരക്കാർക്ക് നാട്ടിൽ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്നും അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികളുടെ യാത്രപ്രശ്നം വർഷങ്ങളായി ഉന്നയിക്കുന്നതാണ്. സീസൺ കാലത്ത് നിരക്കുകൾ കുത്തനെ ഉയർത്തി പ്രവാസികളെ കൊള്ളയടിക്കാനുള്ള സ്ഥിരം അടവുകൾ അവസാനിപ്പിക്കാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതടക്കം നിരവധി വിഷയങ്ങളിൽ പ്രവാസികൾ ഏറെ പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്ക് അനുകൂലമായ നിരവധി നിലപാടുകൾ സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസികൾക്ക് ഏറെ ശുഭപ്രതീക്ഷയുണ്ടെന്നും മാഹി സ്വദേശി പറമ്പത്ത് മാലിക് പറഞ്ഞു. പ്രവാസികളുടെ ക്ഷേമനിധി പെൻഷൻ തുക വർധിപ്പിക്കുക, ടിക്കറ്റ് നിരക്കുകൾ കുറക്കുക, തിരിച്ചെത്തുന്ന പ്രവാസികൾക്കുള്ള സ്വയം തൊഴിൽ പദ്ധതികൾ കൂടുതൽ ചിട്ടയോടെ നിർവഹിക്കുക എന്നതും സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ഭരണകാലത്ത് സർക്കാർ പ്രവാസികൾക്കായി ചെയ്ത പല പദ്ധതികളും പ്രവാസികൾക്ക് അനുഗ്രഹമായെന്നും പ്രതിസന്ധി ഘട്ടത്തിൽ തങ്ങളെ സഹായിക്കാൻ സർക്കാറുണ്ടാവുമെന്ന ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.