മസ്കത്ത്: രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ വർധന. കഴിഞ്ഞ വർഷം മൂന്നാംപാദം വരെ 18.14 ശതകോടി റിയാലാണ് നിക്ഷേപം. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 10.4 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. ഒമാനും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം കഴിഞ്ഞവർഷം സെപ്റ്റംബർ വരെ 3,04,21,400 റിയാലാണ്. മുൻവർഷത്തെ അപേക്ഷിച്ച് 46.18 ശതമാനം വർധനയാണ് വന്നിട്ടുള്ളത്.
നിർമാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ മൂല്യം മൂന്നാം പാദത്തിന്റെ അവസാനം വരെ 17,17,100 റിയാലാണ്. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം 2020-2022 കാലയളവിൽ 35 മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്.
‘ഇൻവെസ്റ്റ് ഈസി’ പോർട്ടലിലൂടെ കഴിഞ്ഞ വർഷം 9,89,495 ഇടപാടുകളാണ് പൂർത്തിയാക്കിയത്. ആളുകൾക്ക് നേരിട്ട് ഹാജരാകാതെ നിക്ഷേപ ലൈസൻസും മറ്റും നേടാൻ സഹായിക്കുന്നതാണ് ‘ഇൻവെസ്റ്റ് ഈസി’ പോർട്ടൽ.
മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 23 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളതെന്ന് മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 2021ൽ 8,04,330 ഇടപാടുകളായിരുന്നു ‘ഇൻവെസ്റ്റ് ഈസി’ പോർട്ടിലൂടെ നടന്നത്. 2021 നവംബർ 17ന് പോർട്ടൽ ആരംഭിച്ചതു മുതൽ ഈ വർഷം ജനുവരി അഞ്ചു വരെ ഏകദേശം 23,780 ലൈസൻസുകളാണ് നൽകിയത്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങളും ബിസിനസ് അന്തരീക്ഷം സുഗമമാക്കുന്നതിലും വികസിപ്പിക്കുന്നതിലുമുള്ള അദ്ദേഹത്തിന്റെ താൽപര്യവും ഒമാനെ ബിസിനസ്, നിക്ഷേപ വളർച്ചക്ക് അനുകൂലമായ രാജ്യമാക്കി മാറ്റിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.