മസ്കത്ത്: മഹാമാരിയുടെ പിടിയിൽനിന്ന് രാജ്യം മുക്തമാകുന്നുവെന്ന് സൂചന നൽകി കോവിഡ് കേസുകൾ താഴോട്ട്. കഴിഞ്ഞ 20 ദിവസത്തിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാതെയാണ് നവംബർ കടന്നുപോയത്. കഴിഞ്ഞമാസം വെറും രണ്ട് മരണം മാത്രമാണ് സംഭവിച്ചിട്ടുള്ളത്. മൂന്ന്,10 തീയതികളിലാണ് ഒാരോന്നുവീതം മരണം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒക്ടോബറിൽ 15പേരും സെപ്റ്റംബറിൽ 32പേരുമാണ് മരിച്ചിരുന്നത്. ആകെ 263 ആളുകൾക്കാണ് കഴിഞ്ഞ മാസം രോഗം പിടിപ്പെട്ടത്. ഇത് 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്നതാണെന്ന് ഡേറ്റ അനലിസ്റ്റും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ ഇബ്രാഹിം അൽ മൈമാനി പറഞ്ഞു. എന്നാൽ, 373 ആളുകൾക്ക് അസുഖം ഭേദമാവുകയും ചെയ്തു. 98.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. നിലവിൽ 448 ആളുകളാണ് കോവിഡ് ബാധിതരായി രാജ്യത്തുള്ളത്. രാജ്യത്ത് കോവിഡ് മുക്തരായവർ മൂന്നുലക്ഷം കടന്നിട്ടുണ്ട്. നവംബർ അവസാനംവരെ 3,00,005 പേർക്കാണ് അസുഖം ഭേദമായിരിക്കുന്നത്.
ആശുപത്രികളിൽ കിടത്തിച്ചികിത്സക്കാരുടെ എണ്ണത്തിൽ 43 ശതമാനം കുറവുണ്ടായതായി അൽ മൈമാനി പറഞ്ഞു. ഒക്ടോബർ അവസാനം ഏഴ് രോഗികളുണ്ടായിരുന്നു. നവംബർ അവസാനത്തോടെ ഇത് നാലായി കുറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവുവന്നിട്ടുണ്ട്. നിലവിൽ ഒരാൾ മാത്രമാണ് തീവ്ര പരിചരണത്തിലുള്ളത്. ഒക്ടോബർ അവസാനത്തിൽ മൂന്നുരോഗികളാണുണ്ടായിരുന്നത്. മഹാമാരി പിടിപെട്ട് തുടങ്ങിയതിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് െഎ.സി.യുവിൽ കഴിയുന്നവരുടെ എണ്ണം ഒരാളിലേക്ക് ചുരുങ്ങുന്നത്. വൈറസിനെതിരെയുള്ള വാക്സിനേഷൻ ഉൗർജിതമാക്കിയതാണ് നവംബറിലെ കോവിഡ് കേസുകൾ കുറയാൻ കാരണമെന്ന് ആരോഗ്യ മ ന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും വാക്സിനേഷൻ ക്യാമ്പുകൾ നടക്കുന്നുണ്ട്. വിദേശികൾക്കടക്കം സൗജന്യമായാണ് വാക്സിൻ നൽകുന്നത്.
വാക്സിനെടുക്കാത്ത വിദേശികളെ ലക്ഷ്യമാക്കി പ്രത്യേക മൊബൈൽ ക്യാമ്പുകളും മറ്റും ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഇത് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമാണ്. മുൻകുട്ടി രജിസ്റ്റർ ചെേയണ്ടതില്ലാത്തതിനാൽ നിരവധി ആളുകളാണ് ഇത്തരം സ്ഥലങ്ങളിലെത്തി വാക്സിൻ സ്വീകരിക്കുന്നത്. രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. കോവിഡിെൻറ പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ശക്തമായ മുൻകരുതൽ നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ, രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലസൂട്ടൂ, ഈശ്വതിനി, മൊസാംബീക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്ക് കോവിഡ് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തി. രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അതേസമയം, പല ആളുകളും കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അലസത കാണിച്ചുതുടങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റ് കടകളിലും മാസ്ക് ധരിക്കാെതയും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകുന്നുണ്ട്. കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.