മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണം വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമകാലീന കേരളത്തിൽ ഗുരുദർശനത്തിന്റെ പ്രസക്തി, വരും കാലങ്ങളിൽ ഗുരുദർശനം എപ്രകാരമെല്ലാം വിലയിരുത്തപ്പെടും തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്കും ചിന്തകൾക്കും വേദിയൊരുക്കുക എന്നതാണ് ഗുരു പ്രഭാഷണം സംഘടിപ്പിക്കുന്നതിലൂടെ കേരള വിഭാഗം ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സാംസ്കാരിക വൈഞ്ജാനിക മേഖലയിൽ കേരളത്തിന്റെ അടയാളമായി നിറഞ്ഞു നിൽക്കുന്ന പ്രമുഖ പ്രഭാഷകരായ സുനിൽ പി ഇളയിടം, ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും മലയാളത്തിലെ പ്രമുഖ എഴുത്തുകാരനുമായ ഷൗക്കത്തുമാണ് ഇത്തവണ ഗുരു പ്രഭാഷണം നടത്തുന്നത്. നാടിന്റെ സമകാലിക സാമൂഹ്യ ജീവിതത്തോട് ക്രിയാത്മകമായി ഇടപെടുന്ന സുനിൽ പി. ഇളയിടത്തിന്റെയും ഷൗക്കത്തിന്റെയും സാന്നിധ്യം കേരളം വിങ് കഴിഞ്ഞ നിരവധി വർഷങ്ങളായി തുടർന്ന് പോരുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണ പരമ്പരയിലെ വേറിട്ടൊരു അധ്യായമായി മാറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരള നവോത്ഥാന പരിശ്രമങ്ങളിലെ മുൻനിരക്കാരനും യുഗപ്രഭാവനുമായ ഗുരുവിന്റെ സാമൂഹിക-സാംസ്ക്കാരിക-രാഷ്ട്രീയ ഇടപെടലുകളെ, പ്രവാസി സമൂഹത്തിൽ ഗൗരവമുള്ള ചർച്ചക്കായി വഴി തുറന്നു കൊടുക്കുന്ന ഗുരു അനുസ്മരണ പ്രഭാഷണ പരിപാടി കഴിഞ്ഞ 20ലേറെ വർഷങ്ങളായി കേരളവിഭാഗം സംഘടിപ്പിച്ചു വരുന്നതായി സംഘാടകർ പറഞ്ഞു.
വലിയ ജനപങ്കാളിത്തമാണ് സാധാരണയായി ഉണ്ടാകാറുള്ളത്. ഇത്തവണയും വ്യത്യസ്തമാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. മസ്കറ്റിലെ പൊതു സമൂഹത്തെയാകെ പരിപാടിയിലേക്ക് ക്ഷണിക്കുന്നുതായും സംഘാടകർ അറിയിച്ചു.
സാഹിത്യവിഭാഗം ജോയിൻ്റ് സെക്രട്ടറി അഭിലാഷ് ശിവൻ,കൺവീനർ കേരള വിഭാഗം സന്തോഷ് കുമാർ,സംഘാടക സമിതി ചെയർമാൻ സുനിൽ കുമാർ, സംഘാടക സമിതി അംഗം റെജു മരക്കാത്ത്, മാധ്യമവിഭാഗം കോഓർഡിനേറ്റർ സന്തോഷ്എരിഞ്ഞേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.