പട്ടാപ്പകല്‍ കാറില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവ്

മസ്കത്ത്: പട്ടാപ്പകല്‍ കാറില്‍നിന്ന് പണം കവര്‍ന്ന സംഭവത്തില്‍ മൂന്നു പതികള്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ. വാദി കബീറിലെ യുനൈറ്റഡ് ഡ്രീംസ് സ്ഥാപന ഉടമയായ ബംഗ്ളാദേശ് സ്വദേശി മുഹമ്മദ് കബീര്‍ അഹ്മദിന്‍െറ കാറില്‍നിന്ന് 14,00 റിയാല്‍ കവര്‍ന്ന കേസിലാണ് ശിക്ഷ. ഏഷ്യന്‍ വംശജരാണ് ശിക്ഷിക്കപ്പെട്ടത്. 
ജൂണ്‍ ആദ്യവാരം സി.ബി.ഡി മേഖലയിലായിരുന്നു സംഭവം. 50ന് മുകളില്‍ പ്രായമുള്ള കുറ്റവാളികള്‍ ടൂറിസ്റ്റ് വിസയിലാണ് ഒമാനില്‍ എത്തിയത്. കുറ്റകൃതം നടത്തിയശേഷം നാട്ടിലേക്കുപോയ ഇവരെ ഇന്‍റര്‍പോളിന്‍െറ സഹായത്തോടെയാണ് പിടികൂടിയത്. 
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബാങ്കില്‍നിന്ന് പണമെടുത്തുവരുകയായിരുന്ന കബീര്‍ അഹ്മദിനെ നിരീക്ഷിച്ചശേഷമാണ് സംഘം കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വന്‍ തുക കാറില്‍വെച്ചശേഷം മറ്റൊരു ബാങ്കില്‍ പണമെടുക്കാന്‍ കയറിയപ്പോള്‍ കാറിന്‍െറ അരികിലെ ചില്ല് അടിച്ചുപൊളിച്ചാണ് കവര്‍ച്ച നടത്തിയത്. രണ്ടാമത്തെ ബാങ്കില്‍നിന്ന് 1000 റിയാല്‍ പിന്‍വലിച്ചശേഷം തിരികെയത്തെിയപ്പോഴാണ് കാറിന്‍െറ ചില്ലുകള്‍ പൊട്ടിയത് ശ്രദ്ധയില്‍പെട്ടത്. 
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നല്‍കിയ കവര്‍ നഷ്ടമായതായി മനസ്സിലായത്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് ആര്‍.ഒ.പി പറഞ്ഞു. വാഹനങ്ങള്‍ കുത്തിത്തുറന്നും മറ്റും പണം കവരുകയാണ് ഇവരുടെ രീതി. ബാങ്കില്‍നിന്ന് വന്‍ തുക ഒറ്റത്തവണയായി പിന്‍വലിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആര്‍.ഒ.പി അറിയിച്ചു. പിന്‍വലിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. 
പണം പിന്‍വലിക്കുന്നത് ആരൊക്കെ ശ്രദ്ധിക്കുന്നു എന്നത് പറയാന്‍ കഴിയില്ല. വന്‍തുക പിന്‍വലിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ ഒന്നിലധികം പേരുമായി വന്ന് പിന്‍വലിക്കുന്നതാണ് സുരക്ഷക്ക് നല്ലതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.