സൂർ: ഇന്ത്യൻ സ്കൂൾ സൂറിലെ പുതിയ കളിസ്ഥലത്തിന്റെ ഉദ്ഘാടനവും മൾട്ടിപർപ്പസ് ഹാളിന്റെയും പുതിയ ക്ലാസ് റൂമുകൾക്കുള്ള തറക്കല്ലിടലും ഗംഭീരചടങ്ങുകളോടെ നടന്നു. രക്ഷിതാക്കൾ, വിദ്യാർഥികൾ, വിശിഷ്ട വ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കത്തിന്റെ നേതൃത്വത്തിൽ മൾട്ടിപർപ്പസ് ഹാളിനും പുതിയ ക്ലാസ് മുറികളുടെ ശിലാസ്ഥാപനത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. ഫലകഅനാച്ഛാദനവും നടന്നു.
സ്കൂളിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പൂർത്തീകരിച്ച കളിസ്ഥലം ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാനും ഡയറക്ടർ ഇൻ-ചാർജും ആയ സയ്യിദ് സൽമാൻ റിബൺ മുറിച്ച് കളിസ്ഥലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ കുതിച്ചുയരുന്ന അഭിലാഷങ്ങളെ പ്രതിനിധീകരിച്ച് ഡോ. ശിവകുമാർ മാണിക്കം ബലൂണും പറപ്പിച്ചു.
കുട്ടിയുടെ സമഗ്രവികസനത്തിൽ കളിസ്ഥലങ്ങളുടെ പങ്കിനെ പറ്റി ഡോ. ശിവകുമാർ മാണിക്കം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സ്കൂളിന്റെ പുരോഗതിക്കായി നിലവിലുള്ളതും മുമ്പുള്ളതുമായ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ, പ്രിൻസിപ്പൽ, രക്ഷിതാക്കൾ, പങ്കാളികൾ എന്നിവരുടെ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ നിഷ്റീൻ ബഷീർ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ സൂർ വൈസ് ചെയർമാനും ഡയറക്ടറുമായ സയ്യിദ് സൽമാൻ, ഗ്രീവൻസ് കമ്മിറ്റി ചെയർമാനും ഇന്ത്യൻ സ്കൂൾ സൂർ ഡയറക്ടർ ഇൻ ചാർജുമായ എസ്. കൃഷ്ണേന്ദു, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഫിനാൻസ് ഡയറക്ടർ പി.പി. നിധീഷ് കുമാർ, സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് അംഗമായ ഡോ. ഗോകുലദാസ്, ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ വിജയ് സരവണൻ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഭൂവിഭാഗം മേധാവി മുഹമ്മദ് അലി മുസല്ലം അൽ അലവി, ഓപറേഷൻസ് ഡയറക്ടർ ഇഫ്തിക്കാർ അലിഖാൻ ക്ഷണിക്കപ്പെട്ട മറ്റ് പ്രത്യേക അതിഥികളും പങ്കെടുത്തു.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു, കൺവീനർ ഡോ. രാംകുമാർ ലക്ഷ്മി നാരായണൻ, അംഗങ്ങളായ എ.വി. പ്രദീപ് കുമാർ, ടി.പി. സഈദ്, ഷബീബ് മുഹമ്മദ്, പ്രമോദ് വി.നായർ, പ്രിൻസിപ്പൽ ഡോ. എസ്. ശ്രീനിവാസൻ എന്നിവർ സംബന്ധിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ജാമി ശ്രീനിവാസ് റാവു കളിസ്ഥല നിർമാണത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.
സ്വാഗതനൃത്തം, സംഘഗാനം, യോഗ പ്രദർശനം, ഒളിമ്പിക്സിനെ അടിസ്ഥാനമാക്കിയുള്ള നൃത്തം തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിൽ അരങ്ങേറി. ആഗോള കായികരംഗത്ത് ഇന്ത്യയുടെ മഹത്വം ഉയർത്തിക്കാട്ടുന്ന പ്രകടനവും, എയ്റോബിക്സ്, ഹ്യൂമൻ പിരമിഡ് പ്രദർശനങ്ങളും വിദ്യാർഥികളുടെ കായികക്ഷമതയും ടീം വർക്കും പ്രകടമാക്കി.
രക്ഷിതാക്കളും വിദ്യാർഥികളും തമ്മിലുള്ള ആവേശകരമായ ഫുട്ബാൾ മത്സരത്തോടെയാണ് പരിപാടി സമാപിച്ചത്. ഡോ. ശിവകുമാർ മാണിക്കം കിക്കോഫ് ചെയ്തു. പി.പി. നിധീഷ് കുമാർ വിസിൽ മുഴക്കി.
ശക്തമായ മത്സരത്തിൽ വിദ്യാർഥികൾ വിജയികളായി. വിജയികൾക്കും റണ്ണേഴ്സിനും ട്രോഫികൾ സമ്മാനിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ഡോ. എൽ.എൻ. രാംകുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.