രാജ്യത്ത് കുറ്റകൃത്യങ്ങള്‍ 22 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്

മസ്കത്ത്: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കുറവ്. കഴിഞ്ഞവര്‍ഷം 2013നെ അപേക്ഷിച്ച് 22 ശതമാനമാണ് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പറയുന്നു. അറസ്റ്റിലായവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. അറസ്റ്റിലായവരുടെ എണ്ണം 4.2  ശതമാനം കുറഞ്ഞ് 10,572 ആയി.
ആയിരം പേരില്‍ മൂന്നുപേരാണ് കുറ്റവാളികളായുള്ളതെന്നും കണക്കുകള്‍ പറയുന്നു. കുറ്റകൃത്യങ്ങളില്‍ കൊലപാതകം, മോഷണം, ആക്രമണം, ബലാത്സംഗം എന്നിവയാണ് കുറ്റകൃത്യങ്ങളില്‍ അധികവും. 65.5 ശതമാനമാണ് ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം. ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളായി ഗണിക്കുന്ന ഇവയില്‍ 80 ശതമാനവും മോഷണകുറ്റങ്ങളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇരകളില്ലാത്തതാണ് 26 ശതമാനം കുറ്റകൃത്യങ്ങളും. ഇതില്‍ 96.6 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണ്. 3.1 ശതമാനം വേശ്യാവൃത്തിയും 0.3 ശതമാനം ചൂതാട്ടവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു ശതമാനം കുറ്റകൃത്യങ്ങളാകട്ടെ സ്വകാര്യ വസ്തുക്കളുമായി ബന്ധപ്പെട്ടതാണ്. ഇതില്‍ 80.4 ശതമാനം കാര്‍ മോഷണവും തീവെപ്പ് 19.6 ശതമാനവുമാണ്.
വെള്ളക്കോളര്‍ കുറ്റകൃത്യങ്ങളാകട്ടെ നാലു ശതമാനമാണ്. ഇതില്‍ 90 ശതമാനവും വഞ്ചനാ കുറ്റമാണ്. അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട് 8.4 ശതമാനം കുറ്റകൃത്യങ്ങളുണ്ടായി. ഒമ്പതിനും 17നുമിടയില്‍ പ്രായമുള്ള കുട്ടിക്കുറ്റവാളികളുടെ എണ്ണം 2.5 ശതമാനമാണ്. കുറ്റവാളികളില്‍ 49 ശതമാനവും 18നും 29നുമിടയില്‍ പ്രായമുള്ളവരാണ്. കുറ്റവാളികളില്‍ മൂന്നിലൊന്ന് ആളുകളാണ് പ്രവാസികളായുള്ളത്. 66 ശതമാനം പേരും സ്വദേശികളാണ്. സ്വദേശി കുറ്റവാളികളില്‍ 97 ശതമാനവും പുരുഷന്മാരാണ്. അതേസമയം, പ്രവാസി കുറ്റവാളികളില്‍ 16 ശതമാനമാണ് വനിതകളുടെ എണ്ണം. വെള്ളക്കോളര്‍ കുറ്റകൃത്യങ്ങള്‍ ഒഴിച്ചുള്ളവയില്‍ പിടിയിലായവരില്‍ കൂടുതലും സ്വദേശികളാണ്.  മൂന്നില്‍ രണ്ട് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രതികള്‍ പിടിയിലായതും മസ്കത്ത്, വടക്കന്‍ ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍നിന്നാണ്. ബുറൈമിയില്‍ കുറ്റകൃത്യനിരക്ക് ഉയര്‍ന്നു.
ആയിരം പേരില്‍ അഞ്ച് കുറ്റവാളികളും ആറ് കുറ്റകൃത്യവുമാണിവിടെയുണ്ടായത്. മുസന്ദം, അല്‍വുസ്ത ഗവര്‍ണറേറ്റുകളിലാണ് കുറഞ്ഞ കുറ്റകൃത്യ നിരക്ക്. മൊത്തം കുറ്റകൃത്യങ്ങളുടെ ഒരു ശതമാനമാണ് ഈ രണ്ട് ഗവര്‍ണറേറ്റുകളിലായി ഉണ്ടായത്.
മത ധാര്‍മ്മിക മൂല്യച്യുതി കുറ്റകൃത്യങ്ങളുടെ തോത് ഉയര്‍ത്തിയതായി വിലയിരുത്തപ്പെടുന്നു.  ആഡംബരജീവിതഭ്രമവും എളുപ്പം പണമുണ്ടാക്കുന്നതിനുള്ള  മാര്‍ഗങ്ങളും യുവാക്കളെ കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.