ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്:  ഒരുക്കങ്ങള്‍ ആരംഭിച്ചു

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളെ നിയന്ത്രിക്കുന്ന സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ജനുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍െറ ഒരുക്കങ്ങളാരംഭിച്ചതായി ഇലക്ഷന്‍ കമീഷണര്‍ സതീഷ് നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമാവലികള്‍ പാലിച്ച് തീര്‍ത്തും സുതാര്യമായിട്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി അഞ്ചംഗ ഇലക്ഷന്‍ കമീഷന്‍ നിലവില്‍വന്നിട്ടുണ്ട്. ബാബു രാജേന്ദ്രന്‍, ദിലീപ് സൊമാനി, കെ.എം. ഷക്കീല്‍, ബ്രിഡ്ജെറ്റ് ഗാംഗുലി, വി.കെ. വിജയസേനന്‍ എന്നിവരാണ് ഇലക്ഷന്‍ കമീഷന്‍ അംഗങ്ങള്‍. നിലവില്‍ 13 പത്രികകള്‍ ലഭിച്ചിട്ടുണ്ട്. ഈമാസം 31 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനതീയതി. ജനുവരി ഒന്നിന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 16നാണ് തെരഞ്ഞെടുപ്പ്.  
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ 6,455 രക്ഷാകര്‍ത്താക്കള്‍ക്കാണ് വോട്ടവകാശമുള്ളത്. അഞ്ച് സീറ്റുകളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക. പതിനഞ്ചംഗ ബോര്‍ഡില്‍ ബാക്കി ഏഴംഗങ്ങള്‍ ഇന്ത്യന്‍ സ്കൂളുകളിലെ പ്രതിനിധികളാണ്. അന്തിമ സ്ഥാനാര്‍ഥി പട്ടിക ജനുവരി ഒന്നിന് www.ismelections.com വെബ്സൈറ്റിലും ഐ.എസ്.എം വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. 
മത്സരിക്കുന്നവരെക്കുറിച്ച വിവരണങ്ങള്‍ ഇലക്ഷന്‍ കമീഷന്‍ തയാറാക്കി വോട്ടര്‍മാര്‍ക്ക് നല്‍കും. വോട്ടര്‍മാരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ അധ്യാപകര്‍ക്കൊപ്പം സ്വകാര്യ സെക്യൂരിറ്റിയുടെ സേവനവും തേടും. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. നിലവിലെ ബോര്‍ഡ് പ്രസിഡന്‍റ് വില്‍സണ്‍ വി.ജോര്‍ജ് അടക്കം ഏഴ് മലയാളികളാണ് മത്സരരംഗത്തുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.