ഭീകരവാദം അശാന്തി വിതക്കാത്ത  രാഷ്ട്രങ്ങളില്‍ ഒമാനും

മസ്കത്ത്: ഭീകരവാദം അശാന്തിയും അക്രമവും വിതക്കാത്ത രാഷ്ട്രങ്ങളുടെ നിരയില്‍ ഒമാനും. ഒമാനും ഖത്തറും അടക്കം 39 രാഷ്ട്രങ്ങളാണ് കഴിഞ്ഞവര്‍ഷം ഭീകരവാദത്തിന്‍െറ പ്രത്യാഘാതങ്ങളില്‍നിന്ന് വിമുക്തമായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് ആന്‍ഡ് പീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. അമേരിക്ക ആസ്ഥാനമായുള്ള നാഷനല്‍ കണ്‍സോര്‍ട്ട്യം ഫോര്‍ ദി സ്റ്റഡി ഓഫ് ടെററിസം ആന്‍ഡ് റെസ്പോണ്‍സസ് ടു ടെററിസത്തിന്‍െറ ആഗോള ഭീകരവാദ സൂചിക അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 
ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഭീകരവാദ വിമുക്ത രാഷ്ട്രമായി ഒമാന്‍ സൂചികയില്‍ ഇടം നേടുന്നത്. ആക്രമണങ്ങള്‍, മരണം, പരിക്ക്, വസ്തുനാശം എന്നിവ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ഭീകരാക്രമണത്തെ തുടര്‍ന്നും മറ്റുമുള്ള മരണങ്ങളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനവ് ഉണ്ടായതായി  റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞവര്‍ഷം 32,658 പേരാണ് മരിച്ചത്. 2013ല്‍ ഇത് 18,111 ആയിരുന്നു മരണസംഖ്യ. 78 ശതമാനം മരണവും 57 ശതമാനം ആക്രമണങ്ങളും അഫ്ഗാനിസ്താന്‍, ഇറാഖ്, നൈജീരിയ, പാകിസ്താന്‍, സിറിയ എന്നീ രാഷ്ട്രങ്ങളിലാണ് നടന്നത്. 162 രാഷ്ട്രങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ ഒമാന്‍ അടക്കം 39 രാഷ്ട്രങ്ങള്‍ക്ക് 124ാം റാങ്ക് ആണ് നല്‍കിയിട്ടുള്ളത്. സൂചികയില്‍ ഈ രാഷ്ട്രങ്ങളുടെ സ്കോര്‍ പൂജ്യം ആണ്. ഇറാഖ്, അഫ്ഗാനിസ്താന്‍, നൈജീരിയ, പാകിസ്താന്‍, സിറിയ എന്നിവയാണ് സൂചികയില്‍ ആദ്യ അഞ്ച് സ്ഥാനത്തുള്ള രാഷ്ട്രങ്ങള്‍. എട്ടുമുതല്‍ പത്തുവരെയാണ് ഈ രാഷ്ട്രങ്ങളുടെ സ്കോര്‍. ഏഴ് പോയന്‍റുമായി ഇന്ത്യ സൂചികയില്‍ ആറാം സ്ഥാനത്തുണ്ട്. 
ഭീകരവാദം പ്രധാനമായും ചില രാഷ്ട്രങ്ങളിലാണ് കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും പ്രത്യാഘാതമേറ്റ രാഷ്ട്രങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. 2013ല്‍ 88 രാഷ്ട്രങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 93 ആയി ഉയര്‍ന്നു. ആക്രമണങ്ങള്‍ ഉണ്ടാകുന്ന രാഷ്ട്രങ്ങളുടെ എണ്ണം 2011 മുതല്‍ വര്‍ധിച്ചുവരുകയാണ്. 500 പേരിലധികം ആക്രമണങ്ങളില്‍ മരിച്ച രാഷ്ട്രങ്ങളുടെ എണ്ണത്തില്‍ 120 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. 2013ല്‍ അഞ്ച് രാഷ്ട്രങ്ങളായിരുന്നത് കഴിഞ്ഞവര്‍ഷം 11 രാഷ്ട്രങ്ങളായാണ് ഉയര്‍ന്നത്. നൈജീരിയയാണ് മരണസംഖ്യയുടെ എണ്ണത്തില്‍ വര്‍ഷംതോറും വര്‍ധന രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 5662 പേരാണ് നൈജീരിയയില്‍ അധികമായി കൊല്ലപ്പെട്ടത്. 51ശതമാനം മരണങ്ങള്‍ക്കുപിന്നിലും ഐ.എസും ബോകോ ഹറാം തീവ്രവാദികളുമാണ്. 
സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ഊന്നിയുള്ള ഒമാന്‍െറ വിദേശനയവും സുരക്ഷക്ക് മുന്‍ഗണന നല്‍കുന്ന ഭരണകൂടവുമാണ് ഭീകരസംഘടനകളെ ഒമാന്‍െറ മണ്ണില്‍നിന്ന് അകറ്റിനിര്‍ത്തുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. മറ്റു രാജ്യങ്ങളോടും ജനങ്ങളോടും ഒമാന്‍ പരസ്പര ബഹുമാനത്തിന്‍െറ പാതയിലാണ് ഇടപെടുന്നത്. 
പരസ്പരം സംഭാഷണത്തിലൂടെ തീരാവുന്ന പ്രശ്നങ്ങളേ ലോകത്തുള്ളൂവെന്ന ഒമാന്‍െറ നയത്തിന് ലോകത്തിന്‍െറ അംഗീകാരംതന്നെ ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് ഇറാനുമായുള്ള ആണവ കരാര്‍. സിറിയയും യമനുമടക്കം അറബ് മേഖലയെ കലുഷിതമാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒമാന്‍െറ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമങ്ങള്‍ നടന്നുവരുകയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.