???????? ???? ??????? ??????????????? ??????????? ????????

നാട്ടില്‍പോകുമ്പോള്‍ കാര്‍ എന്തു ചെയ്യും? ആശങ്കക്ക് പരിഹാരമായി മലയാളിയുടെ സംരംഭം

മസ്കത്ത്: നാട്ടില്‍ പോകുമ്പോള്‍ കാര്‍ എന്തുചെയ്യുമെന്നതിനെപ്പറ്റി ആശങ്കപ്പെടുന്നവരാണ് പ്രവാസികളില്‍ കൂടുതലും. ഫ്ളാറ്റിലെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിടാമെന്നുവെച്ചാല്‍ പൊടിതുടക്കാനും കാര്‍ ഇടക്കിടെ സ്റ്റാര്‍ട്ട് ആക്കാനും ഒരാളെ ഏര്‍പ്പാട് ചെയ്യേണ്ടിവരും. അല്ലാത്ത പക്ഷം നാട്ടില്‍നിന്ന് വരുമ്പോള്‍ വണ്ടി പൊടിപിടിക്കുകയും ബാറ്ററി ഡൗണ്‍ ആയിട്ടുമുണ്ടാകും.
താമസസ്ഥലത്ത് പാര്‍ക്കിങ് സൗകര്യം ഇല്ലാത്തവര്‍ വഴിയരികില്‍ വണ്ടി നിര്‍ത്തിയിടുകയോ അല്ളെങ്കില്‍ സുഹൃത്തുക്കള്‍ക്ക് ഓടിക്കാന്‍ നല്‍കുകയോ ആണ് ചെയ്യുക. വിമാനത്താവളത്തില്‍ വാഹനം ഇടാമെന്ന് വെച്ചാലോ, ദിവസം പത്ത് റിയാല്‍ വെച്ചാണ് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടി വരുക. സൊഹാര്‍, നിസ്വ, സൂര്‍ തുടങ്ങി വിദൂരസ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. വിമാനത്താവളത്തില്‍ ഇറക്കി വണ്ടി തിരിച്ചുകൊണ്ടുപോകാന്‍ ഇവര്‍ക്ക് സുഹൃത്തുക്കളുടെ സഹായം വേണ്ടിവരും. തിരിച്ചുവരുമ്പോഴും ഇതേ അവസ്ഥതന്നെയായിരിക്കും. അല്ലാത്തവര്‍ കാര്‍ ഫ്ളാറ്റില്‍ പാര്‍ക് ചെയ്ത് ടാക്സിയെയാണ് ആശ്രയിക്കുക. പുതിയ സംരംഭം തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചപ്പോള്‍ റൂവിയില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി നജീബ് മുഹമ്മദിന്  പ്രവാസികളുടെ ഈ ഒരു ബുദ്ധിമുട്ടാണ് മനസ്സില്‍ തെളിഞ്ഞത്. ഇദ്ദേഹത്തിന്‍െറ അല്‍ ഹാബീല്‍ ട്രേഡിങ് റൂവി ഖാബൂസ് മസ്ജിദിന് സമീപം ഒരുക്കിയിരിക്കുന്ന 1800 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്ത് നാട്ടില്‍പോകുന്നവര്‍ക്ക് ഒരു ആശങ്കയുമില്ലാതെ വാഹനം പാര്‍ക് ചെയ്തുപോകാം. ചുറ്റുമതിലും മേല്‍ക്കൂരയും ഉള്ള ഇവിടെ വാഹനങ്ങള്‍ ദിവസവും തുടച്ചിടാനും സ്റ്റാര്‍ട്ട് ചെയ്യുന്നതിനുമായി എട്ട് ജീവനക്കാരുമുണ്ട്.
ദൂരെ സ്ഥലങ്ങളിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുകയും ചെയ്യും. വിമാനത്താവളത്തില്‍ ചെന്ന് വണ്ടി ഏറ്റുവാങ്ങുകയും തിരികെ  നല്‍കാനും സൗകര്യമുണ്ടെന്ന് നജീബ് പറഞ്ഞു. വാഹനങ്ങള്‍ അധികമാകുന്ന പക്ഷം സമീപത്ത് ഇവര്‍ താമസിക്കുന്ന വില്ലക്ക് അനുബന്ധമായും സൗകര്യം ഒരുക്കിയിട്ടുണ്ട്. അമ്പത് റിയാല്‍ മാത്രമാണ് ഇതിന് പ്രതിമാസ ഫീസായി നല്‍കേണ്ടതുള്ളൂ. ആറുമാസം മുമ്പ് ആരംഭിച്ച സംരംഭത്തിന് മികച്ച പ്രതികരണമാണെന്നും നജീബ് പറഞ്ഞു. സേവനം വേണ്ടവര്‍ക്ക് 96964767 എന്ന നമ്പറില്‍ വിളിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.