പരിശോധന ശക്തമാക്കി: തൊഴില്‍ നിയമലംഘകര്‍ ആശങ്കയില്‍

മസ്കത്ത്: തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെയും അധികൃതര്‍ നടപടികള്‍ ശക്തമാക്കിയതോടെ സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവര്‍ ആശങ്കയിലായി. കഴിഞ്ഞ രണ്ടു മാസമായി മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഇതോടെ, നൂറു കണക്കിന് തൊഴില്‍ ലംഘകരാണ് പിടിയിലാവുന്നത്. 
403 തൊഴില്‍ ലംഘകര്‍ കഴിഞ്ഞ ആഴ്ച പിടിയിലായിരുന്നു. താമസ രേഖകള്‍ ഇല്ലാത്തവരെയും തൊഴില്‍ നിയമം ലംഘിക്കുന്നവരെയും പിടികൂടാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം സജീവമായി രംഗത്തുണ്ട്. വെള്ളിയാഴ്ചകളില്‍ പോലും അധികൃതര്‍ നിയമ ലംഘകരെ കണ്ടത്തൊന്‍ ഹോട്ടലുകളിലും മറ്റും പിശോധന നടത്തുന്നുണ്ട്. ഒമാന്‍ തൊഴില്‍ മാര്‍ക്കറ്റ് ശുദ്ധമാവുന്നത് വരെ പരിശോധന തുടരുമെന്നാണ് അധികൃതരുടെ നിലപാട്. അനധികൃതമായി ഒമാനില്‍ തങ്ങാനും തൊഴില്‍ നിയമം ലംഘിക്കാനും ആരെയും അനുവദിക്കില്ളെന്ന് അധികൃതര്‍ പറയുന്നു. റസിഡന്‍റ് കാര്‍ഡും വിസയമുണ്ടെങ്കിലും സ്പോണ്‍സര്‍ മാറി ജോലിചെയ്യുന്ന നിരവധി പേര്‍ ഒമാനിലുണ്ട്. ഫ്രീ വിസക്കാര്‍ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. ഒമാന്‍ തൊഴില്‍ നിയമം അനുസരിച്ച്  അങ്ങനെയൊരു വിസ തന്നെയില്ല. 
സ്പോണ്‍സറുടെ കീഴില്‍ തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ ജോലി മാത്രം ചെയ്യാനാണ് നിയമം അനുവദിക്കുന്നത്. ഇത് ലംഘിക്കുന്നവരെ പിടികൂടുകയും നാടുകടത്തുകയും തൊഴില്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് പുതിയ വിസ അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. 
നിയമം ഏറെ കര്‍ശനമാണെങ്കിലും താമസ രേഖകളില്ലാത്ത നിരവധി പേര്‍ രാജ്യത്തുണ്ടെന്നാണ് അധികൃതരുടെ കണക്ക്. കഴിഞ്ഞവര്‍ഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രാജ്യം വിടാന്‍ അവസരം ഒരുക്കിയിരുന്നെങ്കിലും പലരും ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബാധ്യതകളും മറ്റ് പ്രശ്നങ്ങളും കാരണമാണ് പലരും നാട്ടിലേക്ക് മടങ്ങാതിരുന്നത്. വന്‍ തുക വിസക്ക് നല്‍കി ഒമാനിലത്തെിയവരും വിസ തട്ടിപ്പില്‍ പെട്ടവരും ഇതില്‍ ഉള്‍പ്പെടും. 
കിടപ്പാടവും മറ്റും വിറ്റ് വിസക്ക് പണം നല്‍കിയവര്‍ക്ക് നാട്ടില്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്. കടക്കെണിയില്‍പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ദിവസക്കൂലിക്കാണ് ഇവരില്‍ പലരും ജോലി ചെയ്യുന്നത്. രണ്ടും കല്‍പിച്ച് ജോലിക്കിറങ്ങുകയാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍. 
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റു മാര്‍ഗമില്ലാത്ത ഇവര്‍ പരിശോധന ശക്തമാക്കിയതോടെ ഏറെ ആശങ്കയിലാണ്. ഒമാനിലെ ഏറ്റവും വലിയ തൊഴില്‍ മാര്‍ക്കറ്റ് അല്‍ ഹമരിയ്യയാണ്. ബംഗ്ളാദേശ് സ്വദേശികള്‍ തിങ്ങിത്താമസിക്കുന്ന ഇടമാണിത്. ഇവിടെ താമസിക്കുന്ന നൂറുകണക്കിന് തൊഴിലാളികളാണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പോയി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും വിവിധ കമ്പനികളുടെ വിവിധ പദ്ധതികളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു ചെയ്യുന്നവരുമുണ്ട്. ടാക്സികളിലും മറ്റുമാണ് ഇവര്‍ ജോലി സ്ഥലത്തത്തെുന്നത്. നിയമം ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ ഏതുസമയവും പിടിക്കപ്പെടുമെന്ന ഭയത്തിലാണവര്‍. ഒരു കാലത്ത് മലയാളികളായിരുന്നു ഫ്രീ വിസ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ നിയമം ശക്തമാക്കുകയും മറ്റും ചെയ്തതോടെ ഈ മേഖലയില്‍ വിരലിലെണ്ണാവുന്ന മലയാളികള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.