മസ്കത്ത്: സലാലക്കടുത്ത് തുംറൈത്തില്‍ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. രണ്ട് അപകടങ്ങളിലായി മരിച്ചത് യു.എ.ഇ സ്വദേശികളാണ്. പരിക്കേറ്റ പത്തുപേര്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ 11.40ഓടെയാണ് ആദ്യ അപകടമുണ്ടായത്. പത്തുപേര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. മാതാവും മകനുമാണ് ഈ അപകടത്തില്‍ മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ പ്രാദേശിക ഹെല്‍ത്ത് സെന്‍ററില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ അപകടമുണ്ടായത്. ആദ്യ അപകടമുണ്ടായ സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് യു.എ.ഇ സ്വദേശികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. രണ്ട് യു.എ.ഇക്കാര്‍ മരിച്ച ഈ അപകടത്തില്‍ രണ്ടു സ്വദേശികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി. ആദം-സലാല റോഡില്‍ ഈ മാസമുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 16 ആയി. ആഗസ്റ്റ് ഒന്നിന് യു.എ.ഇ സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പിതാവും മകനും മരണപ്പെട്ടിരുന്നു. ഒമ്പതിന് ഹൈമയില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ട്രെയ്ലര്‍ ലോറിയിലിടിച്ച് രണ്ടു കുട്ടികളടങ്ങുന്ന ഒമാനി കുടുംബവും ഇത്യോപ്യക്കാരിയായ വീട്ടുജോലിക്കാരിയും മരണപ്പെട്ടിരുന്നു. 12ന് ആദമിലെ ഖറന്‍ ആലമിലുണ്ടായ അപകടത്തില്‍ അഞ്ച് സ്വദേശികളാണ് മരിച്ചത്. ഈ അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.