സലാലയില്‍ ഇന്‍റര്‍സിറ്റി ഹോട്ടല്‍ തുറന്നു

മസ്കത്ത്: ജര്‍മനി കേന്ദ്രമായ അന്താരാഷ്ട്ര ഹോട്ടല്‍ ഓപറേറ്റര്‍മാരായ സ്റ്റെയിജന്‍ബര്‍ഗര്‍ ഹോട്ടല്‍ ഗ്രൂപ്പിന് കീഴിലുള്ള ഇന്‍റര്‍സിറ്റി ഹോട്ടല്‍ സലാലയില്‍ ഉദ്ഘാടനം ചെയ്തു. മിഡ്മാര്‍ക്കറ്റ് വിഭാഗത്തിലുള്ള ഇന്‍റര്‍സിറ്റി ഹോട്ടല്‍ ഇതാദ്യമായാണ് യൂറോപ്പിന് പുറത്ത് പ്രവര്‍ത്തനമാരംഭിക്കുന്നത്. ദോഫാര്‍ ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ ഹമൂദ് അല്‍ ബുസൈദി ഹോട്ടലിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു.
ലക്ഷ്വറി ഹോട്ടലുകള്‍ക്ക് സമാനമായ സൗകര്യങ്ങള്‍ പോക്കറ്റിനിണങ്ങുന്ന നിരക്കിന് ലഭ്യമാക്കുന്നവയാണ് മിഡ്മാര്‍ക്കറ്റ് ഹോട്ടലുകള്‍. ഇത്തരത്തിലുള്ള സലാലയിലെ ആദ്യ ഹോട്ടലും ഇന്‍റര്‍സിറ്റിയാണ്. മിഡിലീസ്റ്റിലേക്കുള്ള വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് സലാലയിലെ ഹോട്ടല്‍. വിമാനത്താവളത്തില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ പ്രധാന ബിസിനസ് ഡിസ്ട്രിക്ടില്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് സമീപമാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. എട്ടു നിലകളിലായി 70 മുറികളാണുള്ളത്. രണ്ട് മീറ്റിങ് മുറികള്‍, മുഴുവന്‍ സമയ റസ്റ്റാറന്‍റ്, കഫേ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഏറ്റവും മുകളിലുള്ള സ്വിമ്മിങ് പൂളാണ് ഹോട്ടലിന്‍െറ മറ്റൊരു ആകര്‍ഷണം. ജര്‍മനിയില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇന്‍റര്‍സിറ്റി ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. കഴിഞ്ഞവര്‍ഷം ജര്‍മനിയില്‍നിന്ന് 66,000 സന്ദര്‍ശകരാണ് ഒമാനില്‍ എത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.