ഇന്ത്യന്‍ കപ്പലപകടം: രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ  ഒമാന്‍ സ്വദേശിയെ ആദരിക്കും

മസ്കത്ത്: ജാലാന്‍ ബനീബുആലിയില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കപ്പല്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഒമാന്‍ സ്വദേശിയെ ആദരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. 45കാരനായ സൈദ് അല്‍ ഗാംബൂഷിയുടെ നേതൃത്വത്തിലാണ് കപ്പലില്‍നിന്ന് 11 നാവികരെ രക്ഷിച്ചത്. 
അദ്ദേഹത്തോട് നമ്മള്‍ എന്നും നന്ദിയുള്ളവരായിരിക്കും. ഇന്ത്യയിലെ ജനങ്ങളോടുള്ള മനുഷ്യത്വപൂര്‍ണവും സൗഹൃദപരവുമായ പ്രവൃത്തി കണക്കിലെടുത്ത് അദ്ദേഹത്തെ ആദരിക്കാന്‍ ഒരവസരം ഒരുക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയില്‍നിന്ന് 69 കാറുകളും ഭക്ഷണസാധനങ്ങളും ടയറുകളും മറ്റുമായി യമനിലേക്ക് പോവുകയായിരുന്ന കപ്പല്‍ മുങ്ങിയത്. 
പുലര്‍ച്ചെ രണ്ടോടെ അടിത്തട്ടില്‍ ശക്തമായി എന്തോ ഇടിച്ചതാണ് അപകട കാരണം. അടിത്തട്ട് തകര്‍ന്ന് വെള്ളം കയറിയതോടെ കപ്പല്‍ മുങ്ങുകയായിരുന്നു. ഇതോടെ നാവികര്‍ ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടി. രാവിലെ ഏഴോടെ പതിവുപോലെ മത്സ്യബന്ധനത്തിന് ഉള്‍ക്കടലില്‍ എത്തിയതാണ് തങ്ങളെന്ന് സൈദ് അല്‍ ഗാംബൂഷി പറയുന്നു. അപ്പോഴാണ് ആളുകളുടെ ബഹളം കേട്ടത്. ദൂരക്കാഴ്ച കുറവായിരുന്നെങ്കിലും കാറുകളും മറ്റുമുള്ള വലിയ കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടു. മൂന്ന് ബോട്ടുകളിലായി 12 പേരാണ് ഉണ്ടായിരുന്നത്. 
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായം വേണ്ടിവരുമെന്ന് കണ്ടതിനാല്‍ തങ്ങളുടെ സുഹൃത്തുക്കളെ കൂടി വിളിച്ചുവരുത്തിയതായി അല്‍ ഗാംബൂഷി പറയുന്നു. തുടര്‍ന്ന് നാവികരെ ഓരോരുത്തരെയായി തങ്ങളുടെ ബോട്ടുകളിലേക്ക് കയറ്റുകയായിരുന്നു. തണുപ്പ് മൂലം വിറക്കുകയായിരുന്ന നാവികര്‍ക്ക് പുതപ്പുകളും ഭക്ഷണവും നല്‍കി. കപ്പലിനെ മുങ്ങുന്നതില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 11 മണിയോടെ കപ്പല്‍ പൂര്‍ണമായി മുങ്ങി. ഇതോടെ പൊലീസില്‍ വിവരമറിയിച്ച് തീരത്തേക്ക് തിരികെപോരുകയായിരുന്നു തങ്ങളെന്ന് അല്‍ ഗാംബൂഷി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.