ഒമാന്‍ ബജറ്റ് കമ്മി മുന്നോട്ട്; ആദ്യ പത്ത് മാസത്തില്‍ 4.81 ശതകോടി റിയാല്‍ എത്തി

മസ്കത്ത്: രാജ്യത്തെ ബജറ്റ്കമ്മിയില്‍ വര്‍ധന. ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങള്‍ പിന്നിടുമ്പോള്‍ 4.81 ശതകോടി റിയാലാണ് വരുമാനവും പൊതുചെലവും തമ്മിലെ അന്തരം. കഴിഞ്ഞ വര്‍ഷം സമാന കാലയളവിലെ 3.26 ശതകോടി കണക്കിലെടുക്കുമ്പോള്‍ 46.7 ശതമാനമാണ് കമ്മിയിലെ വര്‍ധന. ഈ വര്‍ഷത്തെ പ്രതീക്ഷിത ബജറ്റ് കമ്മിയായ 3.3 ശതകോടി റിയാല്‍ ആദ്യ ഏഴ് മാസങ്ങള്‍ പിന്നിട്ടപ്പോഴേ മറികടന്നിരുന്നു. വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ എണ്ണവില ഏറെ താഴ്ചയില്‍ ആയിരുന്നതിനാല്‍ ബജറ്റ്കമ്മി ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിലവില്‍ ബാരലിന് 50 ഡോളറിന് അടുത്താണ് എണ്ണവില. ഇത് വീണ്ടും താഴ്ചയിലേക്ക് പതിക്കാനുള്ള സാധ്യതയില്ളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒമാന്‍െറ വരുമാനത്തിന്‍െറ സിംഹഭാഗവും ക്രൂഡോയില്‍ കയറ്റുമതിയിലൂടെയാണ് ലഭിക്കുന്നത്. ആദ്യ പത്ത് മാസത്തില്‍ വരുമാനത്തില്‍ 40.9 ശതമാനത്തിന്‍െറ കുറവുണ്ടായതാണ് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 4,692.4 ദശലക്ഷം റിയാല്‍ ആയിരുന്ന വരുമാനം 2,774.1 ദശലക്ഷം റിയാല്‍ ആയാണ് കുറഞ്ഞത്. ബാരല്‍ എണ്ണവിലയില്‍ ശരാശരി 31.5 ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. ബാരല്‍ ക്രൂഡിന് 45 ഡോളര്‍ പ്രതീക്ഷിത വില കണക്കാക്കിയാണ് നടപ്പുവര്‍ഷത്തെ ബജറ്റ് തയാറാക്കിയിരുന്നത്. പ്രകൃതി വാതകത്തില്‍നിന്നുള്ള വരുമാനത്തില്‍ ഏഴ് ശതമാനത്തിന്‍െറ കുറവാണ് ഉണ്ടായത്. സര്‍ക്കാറിന്‍െറ മൊത്തം വരുമാനത്തിലാകട്ടെ 25.5 ശതമാനമാണ് കുറഞ്ഞത്. 5,514.5 ദശലക്ഷം റിയാലാണ് എണ്ണ, എണ്ണയിതര മേഖലകളില്‍നിന്നുള്ള സര്‍ക്കാറിന്‍െറ ഇക്കാലയളവിലെ വരുമാനം. സൗദിയടക്കം മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം എണ്ണവിലയിടിവിനെ തുടര്‍ന്ന് വര്‍ധിച്ച ബജറ്റ്കമ്മി നേരിടുന്നുണ്ട്. കമ്മി കുറക്കുന്നതിന്‍െറ ഭാഗമായി ഒമാന്‍ സര്‍ക്കാര്‍ കര്‍ശന ചെലവുചുരുക്കല്‍ നടപ്പാക്കുകയും വിവിധ സേവന മേഖലകളിലെ ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.