ഒമാന്‍ എയര്‍ യാത്രക്കാര്‍ക്ക്  ഇനി ഒരു ലഗേജ് മാത്രം

മസ്കത്ത്: ലഗേജ് നിബന്ധനകളില്‍ ഒമാന്‍ എയര്‍ മാറ്റം വരുത്തുന്നു. ജനുവരി മുതല്‍ അനുവദനീയമായ 30 കിലോഗ്രാമിന്‍െറ ഒരൊറ്റ ലഗേജ് മാത്രമാണ് ഒരാള്‍ക്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ടാവുകയെന്ന് ഒമാന്‍ എയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 30 കിലോ ലഗേജ് ഒന്നിലധികം പെട്ടികളിലായി കൊണ്ടുപോകുന്നത് അനുവദിക്കില്ല. ഇത്തരത്തിലുള്ള അധിക ലഗേജിന് പണം അടക്കേണ്ടിവരും. 
20 കിലോ വരെയുള്ള അധിക ലഗേജിന് 20 റിയാല്‍ ആയിരിക്കും ചുമത്തുക. അധിക ലഗേജ് സൗകര്യം ഓണ്‍ലൈനില്‍ മുന്‍കൂട്ടി നല്‍കുന്നവര്‍ 16 റിയാല്‍ മാത്രം അടച്ചാല്‍ മതിയാകും. അധിക ലഗേജ് ഒരു കിലോയായാലും ഈ തുക അടക്കേണ്ടിവരും. ബിസിനസ്, ഫസ്റ്റ് ക്ളാസില്‍ യാത്ര ചെയ്യുന്നവര്‍ക്കേ ഇതില്‍ ഇളവുണ്ടാവുകയുള്ളൂ. ഇവര്‍ക്ക് 20 കിലോഗ്രാം വരെയുള്ള അധിക ലഗേജ് അനുവദനീയമാണ്. ഗോള്‍ഡ്, സില്‍വര്‍ സിന്ദ്ബാദ് കാര്‍ഡ് ഉടമകളാണെങ്കില്‍ 30 കിലോഗ്രാം വരെ കൊണ്ടുപോകാന്‍ സാധിക്കും. ഇക്കോണമി ക്ളാസില്‍ യാത്ര ചെയ്യുന്ന ഗോള്‍ഡ്, സില്‍വര്‍ സിന്ദ്ബാദ് കാര്‍ഡ് ഉടമകള്‍ക്കും ഇളവുണ്ടാകും. നിലവില്‍ തൂക്കം അടിസ്ഥാനമാക്കിയാണ് അധിക ലഗേജിന് നിരക്ക് ഈടാക്കുന്നത്. ഇത് ലഗേജിന്‍െറ എണ്ണത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. 
വളര്‍ത്തുമൃഗങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതിന് പ്രത്യേക ലഗേജ് അലവന്‍സ് ലഭ്യമാണ്. പ്രമോഷനല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഓണ്‍ലൈനില്‍ ബുക് ചെയ്യുന്നവര്‍ക്ക് 16 റിയാലിന് അധിക ലഗേജ് കൊണ്ടുപോകാനുള്ള പദ്ധതി നടപ്പാക്കുന്നത്. പ്രത്യേക റൂട്ടുകളില്‍ മാത്രമാണ് ഈ നിരക്ക് ലഭ്യമാവുക. അധിക ലഗേജ് നിരക്കുകള്‍ യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതാക്കുന്നതിന്‍െറ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്നും ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. 
ഹാന്‍ഡ് ബാഗേജ് ആനുകൂല്യം ബിസിനസ്, ഫസ്റ്റ്ക്ളാസില്‍ 14 കിലോയുടെ രണ്ട് എണ്ണം, ഇക്കോണമി ക്ളാസില്‍ ഏഴു കിലോയുടെ ഒന്ന് എന്ന നിലവിലെ രീതി തുടരും. നിരക്കുകളും പ്രൊമോഷന്‍ പദ്ധതിയും അടക്കം വിവരങ്ങള്‍ വൈകാതെ പുറത്തിറക്കുമെന്നും ഒമാന്‍ എയര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.