അറേബ്യൻ ഗൾഫ് കപ്പിൽ ഒമാന് മിന്നുംജയം; ഖത്തറിനെ തകർത്തത് 2-1ന്

മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിലെ നിർണായക മത്സരത്തിൽ ഒമാന് തകർപ്പൻ ജയം. കുവൈത്തിലെ ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശക്തരായ ഖത്തറിനെ 2-1ന് ആണ് തകർത്തത്. ഇതോടെ വിലപ്പെട്ട മൂന്ന് പോയന്‍റ് സ്വന്തമാക്കിയ ഒമാന് സെമിസാധ്യത നിലനിർത്താനായി. ഇരു പകുതികളിലുമായി ഇസ്സാം അൽ സുബ്ഹിയാണ് ഒമാനുവേണ്ടി വലകുലുക്കിയത്. അൽമുഈസ് അലിയുടെ വകയായിരുന്നു ഖത്തറിന്‍റെ ആശ്വാസഗോൾ.

കുവൈത്തനെതിരെയുള്ള മത്സരത്തിൽനിന്നും തികച്ചും വ്യത്യസ്തമായൊരു ഒമാനി ടീമിനെയായിരുന്നു മത്സരത്തിൽ കണ്ടിരുന്നത്. പന്തടക്കത്തിലും മുന്നേറ്റത്തിലും മികച്ച് നിന്നു. അപ്രതീക്ഷിതമായി ആദ്യ മിനിറ്റുകളിൽ വീണ ഗോളിൽ പതറാതെ കളംനിറഞ്ഞ് കളിച്ചു. ഇടതുവലതു വിങ്ങുകളിലൂടെയുള്ള ആക്രമണത്താൽ എതിർകോട്ട വിറപ്പിച്ചു. പലപ്പോഴും നിർഭാഗ്യംകൊണ്ട് മാത്രമായിരുന്നു ലക്ഷ്യം കാണാതെപോയത്. ഒടുവിൽ 20ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ ഒമാൻ സമനില പിടിച്ചു. ഇസ്സാം അൽ സുബ്ഹിയായിരുന്നു കിക്ക് എടുത്തിരുന്നത്. സമനിലയായതോടെ കളി അൽപം മന്ദംഗതിയിലായി.

കൗണ്ടർ അറ്റാക്കുകളിലൂടെ ഖത്തറും മികച്ച മുന്നേറ്റം നടത്തിയെങ്കിലും സുൽത്താനേറ്റിന്‍റെ പ്രതിരോധ കോട്ടയെ പരീക്ഷിക്കാൻ കെൽപ്പുള്ളവയായിരുന്നില്ല അവയൊന്നും. ആദ്യം ഗോൾ നേടി ലീഡെടുക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ടാം പകുതിയിൽ ഇരുടീമുകളും ഇറങ്ങിയരുന്നത്. വിസിൽ മുഴങ്ങി ആദ്യ മിനിറ്റുകൾക്കുള്ളിൽതന്നെ ഒമാൻ ഖത്തറിനെ അമ്പരപ്പിച്ചു. 52ാം മിനറ്റിൽ ഇടതുവിങ്ങിൽനിന്ന് നീട്ടികിട്ടിയ ക്രോസ് വളരെ മനോഹരമായി ഇസ്സാം അൽ സുബ്ഹി വലയിലെത്തിക്കുകയായിരുന്നു. ഗോൾ മടക്കാനായി അവസാന നിമിഷംവരെ ഖത്തർ ആക്രമിച്ച് കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഒമാൻ ഡിസംബർ 27ന് യു.എ.ഇയെ നേരിടും.

Tags:    
News Summary - Oman wins in Arabian Gulf Cup; Qatar defeated 2-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.