ഭീഷണിയില്ല, നിരീക്ഷണം ശക്തം –ആരോഗ്യ മന്ത്രാലയം

മസ്കത്ത്: രാജ്യത്ത് സിക വൈറസ് പടരാനുള്ള സാഹചര്യം വളരെയധികം കുറവാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എങ്കിലും, ലോകാരോഗ്യ സംഘടന അന്താരാഷ്ട്രതലത്തില്‍ ‘പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 
സിക വൈറസ് ബാധിച്ച രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ മന്ത്രാലയം നിരീക്ഷിച്ച് വരുകയാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് യൂറോപ്പില്‍ പടരുന്ന പനി മറ്റു ഭൂഖണ്ഡങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ‘ഫ്ളാവി’ വൈറസ് ഗണത്തില്‍പ്പെട്ട സിക വൈറസ് പരത്തുന്നത് ചികുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരാന്‍ പ്രധാന കാരണമായ ഈഡിസ് കൊതുകുകളാണ്. ഇത്തരം പകര്‍ച്ചവ്യാധികള്‍ കണ്ടത്തെുന്നതിനും പരിഹരിക്കുന്നതിനും സുസജ്ജമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ട്.  സെന്‍ട്രല്‍ ലബോറട്ടറി ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും ഡെങ്കി, ചികുന്‍ഗുനിയ തുടങ്ങിയവ കണ്ടത്തൊനും ചികിത്സിക്കാനും പരിശീലനം ലഭിച്ചവരാണ്. ഈ വൈദഗ്ധ്യം ഉപയോഗിച്ച് സെന്‍ട്രല്‍ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സിക പരിശോധനക്കായി സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളും പടരുന്നരീതികളും എടുക്കേണ്ട മുന്‍കരുതലുകളും എന്തൊക്കെയാണെന്ന് പൊതുജനാരോഗ്യ സേവനദാതാക്കളെയും പൊതുജനങ്ങളെയും ബോധവത്കരിക്കാന്‍ നടപടികളെടുത്തിട്ടുണ്ട്.  സാമ്പിളുകള്‍ പരിശോധിക്കാന്‍ സെന്‍ട്രല്‍ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊതുകുനിയന്ത്രണ പരിപാടികള്‍ ഊര്‍ജിതമാക്കി. ഇതിന്‍െറ ഭാഗമായി അവ വളര്‍ന്നുവരാന്‍ സാഹചര്യമുള്ള സ്ഥലങ്ങള്‍ കണ്ടത്തെി നശീകരണം നടത്തുന്നുണ്ട്.  വെള്ളം കെട്ടിക്കിടക്കുന്നിടത്ത്, ചെറിയ അളവിലാണെങ്കില്‍ പോലും മരുന്ന് തളിക്കുന്നുണ്ട്. സിക വൈറസിന് മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ മുന്‍കരുതല്‍ എടുക്കലാണ് പ്രതിവിധിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഗര്‍ഭിണികളെ സിക വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ബ്രസീലില്‍ ഇതുവരെ നാലായിരത്തോളം ശിശുക്കള്‍ തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ (മൈക്രോ സെഫാലി) ജനിച്ച സാഹചര്യത്തില്‍ വൈറസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.  ഒഴിവാക്കാനാകാത്ത യാത്രയാണെങ്കില്‍ കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. വൈറസ് ബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പനി, പേശീവേദന, സന്ധിവേദന, തലവേദന, കണ്ണുവീക്കം, ചര്‍മത്തില്‍ ചുവന്ന പാടുകള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 
ഭൂരിപക്ഷം രോഗികളിലും ഇവ ലഘുവായിട്ടേ അനുഭവപ്പെടാറുള്ളൂ. വൈറസ് ബാധിച്ച അഞ്ചിലൊരാള്‍ക്കു മാത്രമേ രോഗലക്ഷണങ്ങള്‍ പുറത്തുവരാറുള്ളൂ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.