മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം: പാസഞ്ചര്‍ ടെര്‍മിനല്‍ നിര്‍മാണം ദ്രുതഗതിയില്‍ 

മസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പാസഞ്ചര്‍ ടെര്‍മിനലിന്‍െറ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 
പുതിയ വിമാനത്താവള പദ്ധതിയുടെ മൂന്നാം പാക്കേജായ പാസഞ്ചര്‍ ടെര്‍മിനലിന്‍െറ 86 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 5,80,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ പ്രതിസമതയുള്ള മൂന്നു ചിറകുകളുടെ രൂപത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നു മെയിന്‍ ഗേറ്റുകളും വി.ഐ.പി ലോഞ്ചുമുള്ള സെന്‍ട്രല്‍ ഏരിയയിലേക്കാണ് ഇത് എത്തിച്ചേരുക. 
റോയല്‍ ഒമാന്‍ പൊലീസിന്‍െറ ഇമിഗ്രേഷന്‍ നടപടികള്‍ക്കായി പാസഞ്ചര്‍ ടെര്‍മിനലില്‍ 118 ചെക് ഇന്‍ കൗണ്ടറുകളും 82 പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഡെസ്ക്കുകളും ഉണ്ടാകും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 12 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വരുംഘട്ടങ്ങളില്‍ ഇത് പ്രതിവര്‍ഷം 48 ദശലക്ഷം യാത്രക്കാരായി ഉയര്‍ത്തും. 
പുതിയ ടെര്‍മിനല്‍ ഈ വര്‍ഷമാദ്യം പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, നിര്‍മാണജോലികള്‍ പ്രതീക്ഷിച്ചത്രവേഗത്തില്‍ നീങ്ങാഞ്ഞതിനാല്‍ ഈ വര്‍ഷം അവസാനത്തോടെയെ ടെര്‍മിനല്‍ തുറക്കാനാകൂയെന്നാണ് അധികൃതര്‍ പറയുന്നത്. 2011ലാണ് പുതിയ വിമാനത്താവള നിര്‍മാണം ആരംഭിച്ചത്. 
2014ന്‍െറ തുടക്കത്തില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് അറിയിച്ചിരുന്ന ടെര്‍മിനലിന്‍െറ പൂര്‍ത്തീകരണം പല കാരണങ്ങളാല്‍ നീണ്ടുപോയി. തൊഴില്‍സമരവും സാങ്കേതിക തടസ്സങ്ങളുമടക്കം ഏറെ വെല്ലുവിളികള്‍ നിര്‍മാണത്തിന്‍െറ തുടക്കംമുതലേ നേരിടേണ്ടിവന്നിട്ടുണ്ട്. 
തൊഴില്‍വകുപ്പ് ടെര്‍മിനല്‍ നിര്‍മാണസ്ഥലത്ത് നടത്തിയ റെയ്ഡില്‍ ആയിരത്തോളം അനധികൃത തൊഴിലാളികളെ പിടികൂടിയിരുന്നു. 
തൊഴിലാളിക്ഷാമത്തെ തുടര്‍ന്ന് മന്ദഗതിയിലായ നിര്‍മാണം കൂടുതല്‍ തൊഴിലാളികളെ എത്തിച്ചതോടെയാണ് സാധാരണനിലയിലായത്. 
എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി വിമാനത്താവളങ്ങളോട് അനുബന്ധിച്ചുള്ള സ്ഥലങ്ങളില്‍ വികസനപദ്ധതികള്‍ക്ക് ഒമാന്‍ വിമാനത്താവള മാനേജ്മെന്‍റ് കമ്പനി പദ്ധതിയിടുന്നുണ്ട്. വിമാന അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമടക്കം വ്യോമയാന സൗകര്യങ്ങളും ഫ്രീ ട്രേഡ് സോണുകളുമാണ് വിമാനത്താവളങ്ങളോട് അനുബന്ധിച്ച് ഒരുക്കുക. 
പ്രാദേശിക വിമാനത്താവളങ്ങളോടുചേര്‍ന്നുള്ള 4500 ചതുരശ്ര കിലോമീറ്റര്‍ ഭൂമിയിലാകും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുക. രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമുള്ള പദ്ധതികളാകും ഇവിടെ ആരംഭിക്കുക. 
വിമാന അറ്റകുറ്റപ്പണി കേന്ദ്രത്തിനുപുറമെ ഫൈ്ളറ്റ് സ്കൂള്‍, വാണിജ്യസമുച്ചയം, കോണ്‍ഫറന്‍സ് ബില്‍ഡിങ് എന്നിവയും നിര്‍മിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.