മലയാളി കാര്‍യാത്രികനില്‍നിന്ന്  പണംതട്ടാന്‍ ശ്രമം

മസ്കത്ത്: റൂവിയില്‍ മലയാളിയായ കാര്‍യാത്രികനില്‍നിന്ന് പണംതട്ടാന്‍ ശ്രമം. അപകടത്തില്‍ പരിക്കേറ്റതായി അഭിനയിച്ച് കാറില്‍ കയറിയശേഷം കബളിപ്പിച്ച് പണംകവരാനാണ് ശ്രമിച്ചത്. 
പാലക്കാട് സ്വദേശി റഹ്മത്തുല്ലക്ക് തിങ്കളാഴ്ച സന്ധ്യയോടെ റൂവിയിലാണ് ഈ അനുഭവമുണ്ടായത്. ഖാബൂസ് മസ്ജിദിന് സമീപമായിരുന്നു സംഭവം. പതിയെ നീങ്ങുകയായിരുന്ന വാഹനത്തിന്‍െറ വശത്തുനിന്ന് ശബ്ദം കേട്ടപ്പോഴാണ് നോക്കിയത്. ഉടന്‍ അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവ് ഡോര്‍ തുറന്ന് അകത്തുകയറി. 
കാര്‍ കൈയില്‍ തട്ടിയെന്നുപറഞ്ഞ് അകത്തുകയറിയ ഇയാള്‍ കൈ പൊത്തിപ്പിടിച്ചിരുന്നു. അശ്രദ്ധമായാണ് വാഹനം ഓടിച്ചതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടശേഷം കൈക്ക് കുഴപ്പമൊന്നുമില്ളെന്നും കൈയിലെ വാച്ച് പൊട്ടിയെന്നും പറഞ്ഞു. നന്നാക്കി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്നും വിലയായി 66 റിയാല്‍ തരണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും റഹ്മത്തുല്ല പറഞ്ഞു. വാച്ച് പരിശോധിച്ചപ്പോള്‍ ഇത് കുറഞ്ഞ വിലയുടേതാണെന്ന് സംശയം തോന്നി. തുടര്‍ന്ന് കൈയില്‍ പണമില്ളെന്നും പൊലീസിനെ വിളിക്കാമെന്നും റഹ്മത്തുല്ല പറഞ്ഞു. ഇതോടെ തന്‍െറ സഹോദരന്‍ പൊലീസാണെന്നും അയാളെ വിളിക്കാമെന്നും യുവാവ് പറഞ്ഞു. എന്നാല്‍, ഇതിന് വഴങ്ങാതെ റഹ്മത്തുല്ല ഫോണ്‍ കൈയിലെടുത്തപ്പോള്‍ യുവാവ് തട്ടിപ്പറിച്ചു. തുടര്‍ന്ന് പിടിവലിയിലൂടെ ഫോണ്‍ തിരികെ വാങ്ങിയശേഷം ഡോര്‍ തുറന്ന് പുറത്തിറങ്ങി. ഇതോടെ മറുവശത്തെ ഡോര്‍ തുറന്ന് യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റതായി അഭിനയിച്ച് പണംതട്ടുന്ന സംഭവങ്ങള്‍ പലരീതികളില്‍ വിവിധയിടങ്ങളിലായി അരങ്ങേറിയിട്ടുണ്ട്. മലയാളികളടക്കം നിരവധിപേര്‍ക്ക് ഈ തട്ടിപ്പുകളില്‍ പണം നഷ്ടമായിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.