3.3 ശതകോടി റിയാലിന്‍െറ  കമ്മി ബജറ്റിന് അംഗീകാരം നല്‍കി

മസ്കത്ത്: 3.3 ശതകോടി റിയാലിന്‍െറ കമ്മി പ്രതീക്ഷിക്കുന്ന പുതിയ വര്‍ഷത്തെ ബജറ്റിന് ഒമാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 8.6 ശതകോടി റിയാലിന്‍െറ വരുമാനമാണ് 2016ല്‍ പ്രതീക്ഷിക്കുന്നതെന്ന് ധനകാര്യമന്ത്രി ദാര്‍വിഷ് അല്‍ ബലൂഷി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 11.9 ശതകോടി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിശദമായ ബജറ്റ് അടുത്തയാഴ്ച അവതരിപ്പിക്കും. കഴിഞ്ഞവര്‍ഷം 14.1 ശതകോടി റിയാലാണ് പൊതുചെലവിനത്തില്‍ വിനിയോഗിച്ചത്. ഈവര്‍ഷം 15.6 ശതമാനത്തിന്‍െറ കുറവാണ് പൊതുചെലവില്‍ വരുത്തുക. കഴിഞ്ഞവര്‍ഷം 11.6 ശതകോടി റിയാല്‍ വരുമാനം ലഭിച്ചിരുന്നു. ഈവര്‍ഷം വരുമാനത്തില്‍ 25.86 ശതമാനത്തിന്‍െറ കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 
എണ്ണവില റെക്കോഡ് ഇടിവിലേക്ക് കൂപ്പുകുത്തിയ 2015ല്‍ മൊത്തം ബജറ്റ് കമ്മി 4.5 ശതകോടി റിയാലാണെന്നും ധനകാര്യമന്ത്രി പറഞ്ഞു. എണ്ണവിലയിടിവിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ വരുമാനത്തില്‍ 50 ശതമാനം കുറവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ പൊതുചെലവില്‍ കുറവുവരുത്തിയ ബജറ്റാണ് അടുത്തയാഴ്ച അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 
വരുമാന വര്‍ധനക്കായി കോര്‍പറേറ്റ് നികുതി 15 ശതമാനമായി ഉയര്‍ത്തുകയും ഈ മാസം പകുതിയോടെ ഇന്ധനവില നിയന്ത്രണം എടുത്തുകളയാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സേവനങ്ങളുടെ നിരക്കിലും വര്‍ധന ഉണ്ടാകും. എണ്ണയിതര വരുമാനത്തിന്‍െറ വര്‍ധനവിലൂടെ ബജറ്റ് കമ്മി മറികടക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ബജറ്റിനും ഒമ്പതാമത് പഞ്ചവത്സര പദ്ധതിക്കും കഴിഞ്ഞദിവസം അംഗീകാരം നല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.