മസ്കത്ത്: ഒമാനില്‍ കഴിഞ്ഞമാസം റോഡിലിറങ്ങിയ മുവാസലാത്ത് ബസുകള്‍ക്ക് ജനസ്വീകാര്യത വര്‍ധിക്കുന്നു. നല്ല സേവനവും കുറഞ്ഞനിരക്കുകളുമാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. റൂവി സ്റ്റേഷനില്‍നിന്ന് മൊബേല, വാദി കബീര്‍, വാദീ അദൈ എന്നിവിടങ്ങളിലേക്കാണ് മുവാസലാത്ത് സര്‍വിസുകള്‍ നടത്തുന്നത്. ദുബൈ, സലാല എന്നിവിടങ്ങളിലേക്കും സര്‍വിസുകള്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് സലാല, ദുബൈ എന്നിവിടങ്ങളിലേക്ക് സര്‍വിസുകള്‍ ആരംഭിച്ചത്. ബസുകള്‍ കൃത്യമായി സര്‍വിസ് നടത്താന്‍ തുടങ്ങിയതാടെ ഉണങ്ങിക്കിടന്ന റൂവി ബസ് സ്റ്റേഷന്‍ പരിസരം ജന നിബിഡമായി. യാത്രക്കാരായി നിരവധിപേര്‍ എത്തിയതോടെ റൂവി ബസ് സ്റ്റേഷനിലും തിരക്ക് വര്‍ധിച്ചു. റൂവിയില്‍നിന്ന് സീറ്റുകള്‍ മുഴുവന്‍ നിറച്ചാണ് ബസുകള്‍ പുറപ്പെടുന്നത്. അതിനാല്‍ അല്‍ ഹംരിയ്യ, വാദീ അദൈ, വത്തയ്യ, ഖുറം തുടങ്ങിയ സ്റ്റോപ്പുകളില്‍ കാത്തിരിക്കുന്നവര്‍ക്ക് പലപ്പോഴും ടാക്സികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. വാരാന്ത്യ അവധി ദിവസങ്ങളിലാണ് തിരക്ക് ഏറെ വര്‍ധിക്കുന്നത്. മൊബേല, വാദീ കബീര്‍ റൂട്ടിലാണ് ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഇതില്‍ വാദീ കബീര്‍ റൂട്ടില്‍ നിരവധിപേര്‍ നിന്നും യാത്ര ചെയ്യുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ബസ് ഡോറുകള്‍ തുറക്കുമ്പോള്‍തന്നെ യാത്രക്കാര്‍ നിറയുന്നുണ്ട്. ബസില്‍ കയറാന്‍ നീണ്ട ക്യുവും പ്രത്യക്ഷപ്പെടുന്നുണ്ട്. തിരക്ക് വര്‍ധിച്ചതോടെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കൂടുതല്‍ ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയാല്‍മാത്രമെ റൂവിയല്ലാത്ത മറ്റ് സ്റ്റോപ്പുകളില്‍ കാത്തിരിക്കുന്നവര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ പ്രമോഷന്‍ അടിസ്ഥാനത്തില്‍ കുറഞ്ഞനിരക്കുകളാണ് യാത്രക്കാരില്‍നിന്ന് ഈടാക്കുന്നത്. അടുത്ത മാസാവസാനം വരെ ഈ നിരക്കുകള്‍ തുടരും. മിനിമം നിരക്ക് 100 ബൈസയാണ് ഇപ്പോള്‍ ഈടാക്കുന്നത്.
വാദീ കബീര്‍, വാദീ അദൈ, ഖുറം വരെ 100 ബൈസയാണ് ഈടാക്കുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ ഇത് 200 ബൈസയായി ഉയരും. ഇപ്പോള്‍ നല്‍കുന്ന ടിക്കറ്റുകളില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖല ഒന്നാം സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം സോണിന് 200 ബൈസയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മാര്‍ച്ചോടെ ഇത് 300 ബൈസയായി ഉയരും. മൂന്നാം സോണിലേക്ക് 300 ബൈസയാണ് ഇപ്പോള്‍ ഈടാക്കുന്നത്. മാര്‍ച്ചില്‍ ഇത് 500 ബൈസയായി ഉയരും. മാര്‍ച്ച് മുതല്‍ പുതിയ നിരക്കുകള്‍ നടപ്പില്‍വന്നാലും ബസില്‍ തിരക്ക് കുറയാന്‍ സാധ്യതയില്ല. ബസിലെ എയര്‍ കണ്ടീഷന്‍ അടക്കമുള്ള സംവിധാനവും ഇരിപ്പിടങ്ങളും യാത്രക്കാര്‍ക്ക് ഏറെ സൗകര്യം നല്‍കുന്നതാണ്. ജീവനക്കാരുടെ പെരുമാറ്റവും പൊതുവെ തൃപ്തികരമായതിനാല്‍ യാത്രക്കാര്‍ നിരക്ക് വര്‍ധിപ്പിച്ചാലും മുവാസലാത്ത് തന്നെയാണ് തെരഞ്ഞെടുക്കുക. മാത്രമല്ല, ടാക്സി വാഹനങ്ങളെക്കാള്‍ കുറഞ്ഞനിരക്കുകളാണ് ബസ് ഈടാക്കുന്നത്.
ഈമാസം പകുതി മുതല്‍ എണ്ണവില വര്‍ധിക്കുന്നതോടെ ടാക്സി വാഹനങ്ങള്‍ ഇനിയും നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം റൂവിയില്‍നിന്ന് അല്‍ അമിത്ത്, മസ്കത്ത്, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കും സര്‍വിസുകള്‍ ആരംഭിക്കും. ഇതോടെ റൂവി ബസ് സ്റ്റേഷനില്‍ തിരക്ക് വര്‍ധിക്കും.
ഇത് റൂവിയിലെ കച്ചവടസ്ഥാപനങ്ങളെയും അനുകൂലമായി ബാധിക്കും. മികച്ചരീതിയിലുള്ള സര്‍വിസുകള്‍ ആരംഭിക്കുന്നതോടെ കൂടതല്‍ പേര്‍ റൂവിയിലത്തെുമെന്നാണ് കച്ചവടക്കാര്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.