കായിക രംഗത്ത് ഒട്ടേറെ വ്യക്തിഗത, ടീമിന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണിത്. ഫുട്ബാളിനൊപ്പം ക്രിക്കറ്റും ഹോക്കിയും ഉയരങ്ങളിലെത്തുന്ന കാഴ്ചയാണ് കായിക മേഖല കണ്ടത്. അതോടൊപ്പം ഒട്ടേറെ അന്തർദേശീയ മത്സരങ്ങൾക്ക് വേദിയാകാൻ സാധിച്ചതിലൂടെ കായിക ഭൂപടത്തിൽ അഭിമാനകരമായ അടയാളപ്പെടുത്തലിനും കഴിഞ്ഞു.
കായിക പ്രാതിനിധ്യത്തിൽ എടുത്തുപറയേണ്ടത് പാരിസ് ഒളിമ്പിക്സിലെ പ്രാതിനിധ്യമാണ്. അന്തർദേശീയ തലത്തിലെ മികച്ച നേട്ടം എന്ന് പറയാവുന്നത് ലോക ഫൈവ് സൈഡ് ഹോക്കി മത്സരത്തിലെ മൂന്നാം സ്ഥാനമാണ്. പോളണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഒമാൻ മൂന്നാം സ്ഥാനം നേടിയത്. അതോടൊപ്പം ഏറെ പ്രശംസ പിടിച്ചുപറ്റിയാണ് ഒമാൻ ലോക ഫൈവ് സൈഡ് ഹോക്കി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചത്.
ഹോക്കിയിൽ സ്വപ്നനേട്ടം
രാജ്യം ആതിഥേയ മികവിനൊപ്പം ഗ്രൗണ്ടിലും മികവ് പ്രകടിപ്പിച്ച ഒന്നായിരുന്നു ഹോക്കി. ഒരുപക്ഷേ, ഈ വർഷത്തെ കായികനേട്ടം വിലയിരുത്തുമ്പോൾ ഹോക്കിയിലായിരിക്കും രാജ്യം ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. ലോക ഫൈവ് സൈഡ് പുരുഷ -വനിത ഹോക്കി മത്സരമാണ് ഇതിൽ എടുത്തുപറയേണ്ടത്. റെക്കോഡ് വേഗത്തിലാണ് ഇതിനായി അമീറാത്തിലെ നവീകരിച്ച ഹോക്കി സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കൂടുതൽ അന്തർദേശീയ മത്സരങ്ങൾക്ക് വേദിയൊരുക്കാൻ ഒമാന് സാധിക്കും എന്നതിന്റെ തെളിവായിരുന്നു ഇതിന്റെ സംഘാടനം. ലോകത്തിലെ മുൻനിര പുരുഷ-വനിത ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഒമാന്റെ പുരുഷ ടീം നടത്തിയ മുന്നേറ്റം സ്വപ്നതുല്യമായിരുന്നു.
പോളണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഒമാൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. സലാലയിൽ നടന്ന ഫൈവ്സ് ഏഷ്യ കപ്പ് ഹോക്കിയിലും ഒമാൻ മലേഷ്യയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടിയിരുന്നു. പാരിസ് ഒളിമ്പിക്സിന്റെ പുരുഷ ഹോക്കി യോഗ്യത മത്സരങ്ങൾക്ക് വേദിയാകാനും സാധിച്ചു.
പാരിസ് ഒളിമ്പിക്സിലെ പ്രാതിനിധ്യം
2024ലെ പാരിസ് ഒളിമ്പിക്സിൽ മെഡൽ നേട്ടം ഉണ്ടായില്ലെങ്കിലും പ്രതീക്ഷകളുടെ കിരണങ്ങളുണർത്തിയാണ് വനിത അത്ലറ്റ് ഉൾപ്പെടെ നാല് കായിക പ്രതിഭകൾ രാജ്യത്തിന്റെ കൊടിയേന്തിയത്. പുരുഷന്മാരുടെ നൂറ് മീറ്റർ സ്പ്രിന്റിൽ അലി അൽ ബലൂഷി, വനിതകളുടെ നൂറ് മീറ്റർ സ്പ്രിന്റിൽ മസൂൻ അൽ അലാവി, നൂറ് മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഈസാ അൽ അലാവി, സഈദ് അൽ ഖത്രി എന്നിവരാണ് പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനായി മാറ്റുരച്ചത്. ഇതിൽ മസൂൻ അൽ അലാവിയുടെ മൂന്നാമത്തെയും ഈസാ അൽ അലാവിയുടെ രണ്ടാമത്തെയും ഒളിമ്പിക്സ് ആയിരുന്നു.
കരുത്തുപകർന്ന് ഫിഫ ബീച്ച് ഫുട്ബാൾ
ദുബൈയിൽ നടന്ന ബീച്ച് ലോകകപ്പ് ഫുട്ബാളിൽ സാന്നിധ്യം അറിയിച്ചതും ലോകചാമ്പ്യന്മാരായ ബ്രസീൽ, മെക്സികോ, പോർചുഗൽ ടീമുകൾക്ക് ഒപ്പം മത്സരിക്കാൻ സാധിച്ചതും ദേശീയ ടീമിന് നേട്ടമായി. കരുത്തരുടെ ഗ്രൂപ്പിൽ ഉൾപ്പെട്ട ഒമാൻ പോർചുഗലിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടെങ്കിലും മെക്സികോയെ പരാജയപ്പെടുത്തി. എന്നാൽ, നിർണായക മത്സരത്തിൽ ചാമ്പ്യന്മാരായ ബ്രസീലിനോട് പരാജയപ്പെട്ട് ടൂർണമെന്റിൽനിന്ന് പുറത്തായെങ്കിലും ലോകകപ്പിലെ സാന്നിധ്യം ഒമാന് കരുത്തായി.
എമേർജിങ് കപ്പ് ഏഷ്യ കപ്പ് ട്വന്റി 20
ഒമാന്റെ മണ്ണിൽ ഫുട്ബാളിനൊപ്പം ക്രിക്കറ്റും വേരുപിടിക്കുന്ന കാഴ്ചക്കാണ് ഈ വർഷം സാക്ഷ്യം വഹിച്ചത്. ഐ.സി.സി ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒമാൻ മികച്ച മുന്നേറ്റം നടത്തിയിരുന്നു. അതിനൊപ്പം തന്നെ നിരവധി അന്തർദേശീയ ക്രിക്കറ്റ് ടൂർണമെന്റുകൾക്കും അമീറാത്തിലെ ക്രിക്കറ്റ് അക്കാദമി വേദിയായി. എമേർജിങ് കപ്പ് ഏഷ്യാകപ്പ് ട്വന്റി 20 ടൂർണമെന്റ് വീക്ഷിക്കാൻ ആയിരങ്ങളാണ് ഗ്രൗണ്ടിലേക്ക് ഒഴുകിയത്. നിഷ്പക്ഷ വേദി എന്ന നിലയിൽ ഐ.സി.സി ക്രിക്കറ്റ് ടെസ്റ്റുകൾ അടക്കമുള്ള മത്സരങ്ങൾക്ക് വേദിയാകാൻ ഒമാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് ഫുട്ബാൾ യോഗ്യത
ലോകകപ്പ് ഫുട്ബാൾ മത്സരത്തിലെ ഫൈനൽ റൗണ്ട് കളിക്കുക എന്ന സ്വപ്ന നേട്ടത്തിനായുള്ള കഠിന ശ്രമത്തിലാണ് ഒമാൻ ദേശീയ ഫുട്ബാൾ ടീം.
2026 ലെ അമേരിക്കൻ ലോകകപ്പിൽ കളിക്കാനായുള്ള യോഗ്യതാ മത്സരങ്ങളിൽ നിലവിൽ ഏറെ വെല്ലുവിളികളാണ് ടീം നേരിടുന്നതെങ്കിലും അന്തിമ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം.
നിലവിൽ ഗ്രൂപ് ‘ബി’ യിൽ ആറ് പോയന്റുമായി നാലാം സ്ഥാനത്താണെങ്കിലും ഇനിയുള്ള മത്സരങ്ങൾ ജയിച്ച് യോഗ്യത നേടുമെന്നു തന്നെയാണ് ആരാധകർ കരുതുന്നത്.
കൂടുതൽ അവസരങ്ങൾ, പ്രതീക്ഷകൾ ....
ഒട്ടനവധി അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുക്കാനും നേട്ടങ്ങൾ കൈവരിക്കാനും ഒമാൻ താരങ്ങൾക്ക് സാധിച്ചു എന്നതാണ് എടുത്തുപറയേണ്ട കാര്യം.
ദുബൈയിൽ നടന്ന ജി.സി.സി അത്ലറ്റിക്സ് മീറ്റിൽ ഒമാൻ താരങ്ങൾ നിരവധി മെഡലുകൾ നേടിയിരുന്നു. ലോക ടേബിൾ ടെന്നിസ് ടൂർണമെന്റ് (സീനിയർ സിറ്റിസൺസ്), അന്തർദേശീയ ചെസ് ടൂർണമെന്റ്, ലോക സൈക്ലിങ് ഭൂപടത്തിൽ സ്ഥാനം പിടിച്ച ടൂർ ഓഫ് ഒമാൻ, ഒമാനിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കായിക മത്സര ഇനമായ മസ്കത്ത് മാരത്തൺ തുടങ്ങിയ നിരവധി മത്സരയിനങ്ങൾ രാജ്യത്തെ കായിക ഭൂപടത്തിൽ അടയാളപ്പെടുത്തിയാണ് ഈ വർഷം കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.