മസ്കത്ത് ഫെസ്റ്റിവലിന്‍െറ വിജയം  സമ്പദ്വ്യവസ്ഥക്ക് ഗുണകരം –സംഘാടകര്‍

മസ്കത്ത്: വിവാദങ്ങള്‍ക്കിടെ ജനുവരി 14ന് തുടങ്ങുന്ന മസ്കത്ത് ഫെസ്റ്റിവലിന്‍െറ വിജയം ഒമാന്‍ സമ്പദ്വ്യവസ്ഥക്ക് ഗുണകരമായി മാറുമെന്ന് സംഘാടകര്‍. എണ്ണ വിലയിടിവിനാല്‍ പ്രയാസം നേരിടുന്ന ഒമാന്‍ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് ഫെസ്റ്റിവലിന്‍െറ വിജയം സഹായിക്കും. സ്വദേശികളും പ്രവാസികളും ചേര്‍ന്ന് ഫെസ്റ്റിവല്‍ വിജയിപ്പിക്കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. 
വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒമാന്‍ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന് ഒരുമാസം നീളുന്ന ഫെസ്റ്റിവെല്‍ ഉപയോഗപ്പെടുത്താമെന്ന് സംഘാടക സമിതി ഉപമേധാവി ഖാലിദ് ബഹറം പറഞ്ഞു. മുമ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫെസ്റ്റിവെല്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, വിദ്യാലയ അവധി വരുന്നതിനാല്‍ കുട്ടികളുടെ വിനോദ ഉപാധി എന്ന നിലയിലാണ് എല്ലാ വര്‍ഷവും നടത്തുന്നത്. കണക്ക് പരിശോധിച്ചാല്‍ ഫെസ്റ്റിവെല്‍ ലാഭത്തിലാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. 
ഫെസ്റ്റിവെല്‍ നടത്തിപ്പ് നഷ്ടത്തിലാണെന്നും ഈ വര്‍ഷം മാറ്റിവെച്ച് ഫണ്ട് ഗുണപരമായ മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു. 
ഈ നിര്‍ദേശം ലംഘിച്ച് ഫെസ്റ്റിവലുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ അംഗം ഷൈമ അല്‍ റയീസി കഴിഞ്ഞദിവസം അംഗത്വം രാജിവെച്ചിരുന്നു. ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്‍െറ പ്രധാന ആകര്‍ഷണം 1001കണ്ടുപിടിത്തങ്ങള്‍ എന്ന് പേരിട്ട പരിപാടി ആയിരിക്കും. ചരിത്രാന്വേഷകരെയും വിദ്യാര്‍ഥികളെയും ഏറെ ആകര്‍ഷിക്കുന്ന പരിപാടിയാകും ഇത്.  
ഇസ്ലാമിന്‍െറ പുരാതന സംസ്കാരം, ശാസ്ത്രലോകത്തിന് അറബ് ലോകത്തുനിന്ന് സംഭാവന നല്‍കിയ  അല്‍ റാസി, ഇബ്നു സീന, ഇബ്നുല്‍ ഹൈതം എന്നിവരെ കുറിച്ച വിവരങ്ങള്‍, പൈതൃകഗ്രാമം, സൂക്കുകള്‍ കേന്ദ്രീകരിച്ച പുരാതന കച്ചവടകേന്ദ്രങ്ങള്‍, സമ്പന്നമായ സാംസ്കാരിക അവസ്ഥ എന്നിവയെല്ലാമാണ് 1001 കണ്ടുപിടിത്തങ്ങളില്‍ അടങ്ങിയിരിക്കുക.  
ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെ മസ്കത്തിന്‍െറ വിവിധ കേന്ദ്രങ്ങളിലായാണ് ഫെസ്റ്റിവല്‍ നടക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT