മസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ സഞ്ചാരികളുടെ വരവിലും വരുമാനത്തിലും വർധനവ് പ്രതീക്ഷിച്ച് ദോഫാർ മുനിസിപ്പാലിറ്റി. കഴിഞ്ഞ സീസണിൽ ഈ രണ്ടെണ്ണത്തിലും ഗണ്യമായ നേട്ടമുണ്ടാക്കാൻ ഗവർണറേറ്റിന് കഴിഞ്ഞത് ഈ വർഷവും പ്രതീക്ഷ നൽകുന്ന കാര്യമാണ്. പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്, പുതിയ ടൂറിസ്റ്റ് സൈറ്റുകൾ സ്ഥാപിക്കുന്നതിലും, ജലാശയങ്ങൾ മെച്ചപ്പെടുത്തുന്നതിലും, നിരവധി റോഡ് പദ്ധതികൾ നടപ്പിലാക്കുന്നതിലും മുനിസിപ്പാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭങ്ങൾ ഗവർണറേറ്റിന്റെ ആകർഷണവും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ടൂറിസത്തെയും വാണിജ്യ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുന്നതിൽ ദോഫാർ ഖരീഫ് 2023 മികച്ച വിജയമായിരുന്നുവെന്ന് മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്സെൻ അൽ ഗസാനി പറഞ്ഞു. സന്ദർശകരുടെ എണ്ണം ഏകദേശം പത്ത് ലക്ഷത്തോളമെത്തി. 2022 നെ അപേക്ഷിച്ച് 18.4 ശതമാനത്തിന്റെ വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. നൂറ് മില്യണിലധികം റിയാൽ സഞ്ചാരികൾ ചിവഴിക്കുകയും ചെയ്തു. ഈ സീസണിൽ കഴിഞ്ഞ വർഷത്തേക്കാൾ പത്ത് മുതൽ 15 ശതമാനം വരെ സന്ദർശകരുടെ വർധനാവാണ് പ്രതീക്ഷിക്കുന്നത്. ചെലവ് 115 മില്യൺ റിയാൽ കവിയുമെന്നാണ് കരുതുന്നതെന്നും ഗസ്സാനി പറഞ്ഞു.
റിട്ടേൺ ഓഫ് ദി പാസ്റ്റ്, ഇത്തീൻ സ്ക്വയർ, അപ്പ് ടൗൺ, റസാത്ത് ബൊളിവാർഡ് എന്നിവയുൾപ്പെടെ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഗവർണറേറ്റിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ സൈറ്റുകൾ ഘട്ടം ഘട്ടമായി പ്രവർത്തിക്കും. ചിലത് ഓരോ വർഷവും കുറഞ്ഞത് ആറ് മാസമെങ്കിലും തുറന്നിരിക്കും. മറ്റുള്ളവ വർഷം മുഴുവനും സഞ്ചാരികളെ ആകർഷിക്കുന്നതാക്കി മാറ്റുകയും ചെയ്യും.
ദോഫാറിന്റെ വികസനത്തിൽ ഗവൺമെന്റ് കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും സുഗമമായ ഗതാഗതം മെച്ചപ്പെടുത്തുന്നതിലും ഈ വർഷം 30 മില്യണിലധികം രൂപയുടെ റോഡ് പദ്ധതികൾ നടപ്പിലാക്കുന്നതിലും. മഴവെള്ളം ഒഴുക്കിവിടൽ, ടൂറിസ്റ്റ്, വാട്ടർഫ്രണ്ട് സൈറ്റുകളുടെ വികസനം എന്നിവയാണ് മറ്റു പദ്ധതികൾ. ഗവർണറേറ്റിലുടനീളം നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങളെക്കുറിച്ചും ഗസ്സാനി പറഞ്ഞു. ഈ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുകയും റോഡ് ശൃംഖല വർധിപ്പിക്കുകയും മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം മെച്ചപ്പെടുത്തുകയും യുവജന വികസന സംരംഭങ്ങളെ പിന്തുണക്കുകയും ചെയ്യും. ഖരീഫിന് ശേഷവും സഞ്ചാരികളെ ആകർഷിക്കുന്നതിനായി സർബ് സീസൺ ഇവന്റുകൾപോലുള്ള വിജയകരമായ പരിപാടികളും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അവതരിപ്പിച്ചിരുന്നു. ഖരീഫ് സീസണിൽ ഒമാനിൽനിന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ വിനോദസഞ്ചാരികളെ ത്തുന്നത്.
അതേസമയം ഈജിപ്ത്, ലിബിയ, അൾജീരിയ തുടങ്ങിയ അറബ് രാജ്യങ്ങളിൽനിന്നും ചൈന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള സഞ്ചാരികളെയാണ് സർബ് സീസൺ ആകർഷിക്കുന്നത്. ശൈത്യകാലത്ത് യൂറോപ്യൻ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ കാണാമെന്നും ഗസാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.