ലഹരിക്കടത്തിന് എതിരെ  പൊലീസിന്‍െറ സിനിമ

മസ്കത്ത്: രാജ്യത്തേക്ക് ലഹരി മരുന്ന് കടത്തുന്നവര്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസിന്‍െറ സിനിമ. കഴിഞ്ഞദിവസം ഒമാന്‍ ടി.വിയില്‍ പ്രദര്‍ശിപ്പിച്ച സിനിമ ബോധവത്കരണത്തിന്‍െറ വിരസതകളില്ലാതെ ആസ്വാദ്യകരവും ആവേശകരവുമായതിനാല്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ‘അരിശ്’ എന്ന് പേരിട്ട സിനിമ റോയല്‍ ഒമാന്‍ പൊലീസ് യുട്യൂബിലൂടെയും പ്രചരിപ്പിക്കുന്നുണ്ട്. 
ഹോളിവുഡ് സിനിമ കണക്കെ ആദ്യവസാനം ബോറടിക്കാതെ കണ്ടിരിക്കാന്‍ കഴിയുമെന്നതാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ പ്രത്യേകത.  ഒമാനി നടന്മാരായ അബ്ദുല്‍ ഹക്കീം അല്‍ സാലിഹി, സലീം അല്‍ റവാഹി, മാലിക് അല്‍ സയാബി, ഗായകന്‍ കൂടിയായ യൂസുഫ് അല്‍ ബലൂഷി എന്നിവരാണ് സിനിമയിലെ കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. മസ്കത്ത് തീരം, സീബ്, ബര്‍ക്ക എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ സംവിധാനം യഅ്ഖൂബ് ബിന്‍ മഹ്ഫൂസ് അല്‍ ഖന്‍ജരിയാണ്. ഒമാനിലേക്ക് കടല്‍മാര്‍ഗം ലഹരിമരുന്ന് എത്തിക്കുന്നതിന് കള്ളക്കടത്തുകാര്‍ മത്സ്യത്തൊഴിലാളിയായ ഒരു പൗരനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. വന്‍തുക വാഗ്ദാനം ലഭിച്ചിട്ടും കടത്തിന് കൂട്ടുനില്‍ക്കാന്‍ മനസ്സുവരാതിരുന്ന മത്സ്യത്തൊഴിലാളി ലഹരി കടത്താനുള്ള നീക്കം പൊലീസിനെ തന്ത്രപൂര്‍വം അറിയിക്കുന്നു. പിന്നീട്, ബോട്ടിലത്തെിച്ച ലഹരിമരുന്ന് കരയിലത്തെിക്കാനുള്ള സംഘത്തിന്‍െറ ശ്രമം കോസ്റ്റ്ഗാര്‍ഡും പൊലീസും ചേര്‍ന്ന് സാഹസികമായി പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. 
രാജ്യത്തിന്‍െറ സുരക്ഷയും സമൂഹത്തിന്‍െറ സൗഖ്യവും ഏവരുടെയും ഉത്തരവാദിത്തമാണെന്ന മുദ്രാവാക്യത്തോടെയാണ് സിനിമ അവസാനിക്കുന്നത്. കടല്‍വഴിയുള്ള ലഹരി കടത്ത് പൊലീസ് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമായതുകൊണ്ടാണ് സിനിമക്ക് വിഷയമാക്കിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. 
പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത്തരം മാഫിയകളെ ഇല്ലാതാക്കാന്‍ കഴിയൂ. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍പേരും സ്വദേശി പ്രവാസി വ്യത്യാസമില്ലാതെ രാജ്യത്തിന്‍െറ സുരക്ഷ ശ്രദ്ധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് എന്ന സന്ദേശം നല്‍കുകയാണ് ഈ സിനിമയെന്നും പൊലീസ് അധികാരികള്‍ വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.