രണ്ടുവര്‍ഷത്തെ വിസാനിരോധം:പഴയ സ്പോണ്‍സറുടെ പ്രതിനിധി  ഹാജരായാല്‍ എന്‍.ഒ.സി സ്വീകരിക്കും

മസ്കത്ത്: ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന രണ്ടുവര്‍ഷത്തെ വിസാ നിരോധത്തില്‍ ഇളവുകളുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) വ്യക്തമാക്കി. 
പഴയ സ്പോണ്‍സറുടെ പ്രതിനിധി നേരിട്ട് ആര്‍.ഒ.പി ഓഫിസില്‍ ഹാജരായി അറ്റസ്റ്റ് ചെയ്താല്‍ തൊഴിലുടമയുടെ എന്‍.ഒ.സി സ്വീകരിക്കുമെന്ന് പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റിലെ മേജര്‍ റാശിദ് ബിന്‍ സുലൈമാന്‍ അല്‍ അബ്രിയെ ഉദ്ദരിച്ച് പ്രമുഖ ഇംഗ്ളീഷ് ദിനപത്രം ‘ഒമാന്‍ ഒബ്സേര്‍വര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 
പഴയ സ്പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവ് എടുത്തുകളഞ്ഞെന്ന് ചില മാധ്യമങ്ങളില്‍വന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായി ശരിയല്ളെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ തൊഴിലുടമയുടെ എന്‍.ഒ.സി കമ്പനിയുടെ പ്രതിനിധി അറ്റസ്റ്റ് ചെയ്ത് നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്ന ഇളവ് ജനുവരി ഒന്നിനാണ് നിലവില്‍വന്നത്. 
നിരവധി വ്യാജ എന്‍.ഒ.സികള്‍ കണ്ടുപിടിച്ചതിനാലാണ് പഴയ സ്പോണ്‍സറുടെ പ്രതിനിധി നേരിട്ടത്തെി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധന കൊണ്ടുവന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഇത്തരം നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെന്നും തൊഴില്‍മേഖലയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കാനുള്ള ഇത്തരം നടപടികളുടെ ഉദ്ദേശ്യശുദ്ധി കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍വിപണിയുടെ ആവശ്യമനുസരിച്ച് എമിഗ്രേഷന്‍ വിഭാഗത്തിന് ഉചിതമെന്ന് തോന്നുന്ന ചില തൊഴിലുകള്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും മേജര്‍ റാശിദ് ബിന്‍ സുലൈമാന്‍ അല്‍ അബ്രി വ്യക്തമാക്കി.  
അതേസമയം, അതേ സ്പോണ്‍സറുടെ കീഴില്‍ ജോലി മാറുന്നവര്‍ക്ക് നിരോധം ബാധകമല്ല. വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ വിസാവിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം ഖത്തറും ആറുമാസത്തെ വിലക്ക് യു.എ.ഇയും എടുത്തുകളഞ്ഞിരുന്നു.  
ഒമാനില്‍ നേരത്തെ ആര്‍ക്കും എപ്പോഴും തൊഴില്‍ മാറാമായിരുന്നു. ഇത് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹവുമായിരുന്നു. എന്നാല്‍, 2014 ജൂലൈയിലാണ് രണ്ടുവര്‍ഷത്തെ വിസാനിരോധം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്. ഇത് പിന്‍വലിക്കണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. സ്വദേശികളുടെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്.എം.ഇ വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കുമാത്രമാണ് ഇക്കാര്യത്തില്‍ ഇളവനുവദിച്ചത്. 
പിന്നീട് മുന്‍ സ്പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കില്‍ വിസാനിരോധം ഇല്ളെന്ന നിയമം വന്നു. ഇതും എടുത്തുകളയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം വന്നതോടെ പ്രവാസിസമൂഹം ആശങ്കയിലായി. ആര്‍.ഒ.പിയുടെ പുതിയ വിശദീകരണം പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.