ലോട്ടറി അടിച്ചെന്നു പറഞ്ഞ് തട്ടിപ്പ്: കോഴിക്കോട് സ്വദേശിക്ക്  500 റിയാല്‍ നഷ്ടമായി

മസ്കത്ത്: ലോട്ടറി അടിച്ചെന്നു പറഞ്ഞ് വീണ്ടും തട്ടിപ്പ്. മലയാളിക്ക് 500 റിയാല്‍ നഷ്ടമായി. ശനിയാഴ്ച രാവിലെയാണ് അല്‍ഖുവൈറില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിക്ക് ഉരീദു ഓഫിസില്‍നിന്നാണെന്നും 20,000 റിയാലിന്‍െറ ലോട്ടറി അടിച്ചെന്നും പറഞ്ഞ് മൊബൈലില്‍ കാള്‍ വന്നത്. 
പേരും പാസ്പോര്‍ട്ട് നമ്പറും പറഞ്ഞശേഷം അക്കൗണ്ടിന്‍െറ വിശദ വിവരങ്ങള്‍ ചോദിച്ചു. നിലവാരമുള്ള ഇംഗ്ളീഷിലും അറബിയിലുമായിരുന്നു തട്ടിപ്പുകാരന്‍െറ സംസാരം. ഇത് വിശ്വസിച്ച് എ.ടി.എമ്മിന്‍െറ 16 അക്ക നമ്പറടക്കം വിവരങ്ങള്‍ നല്‍കി. 500 റിയാല്‍ പിന്‍വലിച്ചതായി മെസേജ് വന്നപ്പോഴാണ് തട്ടിപ്പാണെന്ന് സംശയം തോന്നിയത്. 
തുടര്‍ന്നും തട്ടിപ്പുകാരന്‍ വിളിച്ചശേഷം അക്കൗണ്ടിന്‍െറ വിശ്വാസ്യത ഉറപ്പുവരുത്താനാണ് പണമെടുത്തതെന്നും 200 റിയാല്‍ കൂടി നിക്ഷേപിക്കണമെന്നും പറഞ്ഞു. ഇരുപതിനായിരത്തിന്‍െറ കൂടെ 700 റിയാല്‍ കൂടി നല്‍കാമെന്ന് പറയുകയും ചെയ്തു. ഇതോടെ തട്ടിപ്പാണെന്ന് ഉറപ്പാക്കിയ കോഴിക്കോട് സ്വദേശി ബാങ്കില്‍ വിളിച്ച് അക്കൗണ്ട് ബ്ളോക് ചെയ്തു. 
ഉരീദു ഓഫിസില്‍ എത്തിയെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ളെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്ന് ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് ബാങ്ക് മസ്കത്ത് ശാഖയില്‍ പോയി വിവരങ്ങള്‍ ശേഖരിച്ചു.
 ബാങ്ക് മസ്കത്ത് ശാഖയിലെ അയ്യാവു രാജേന്ദ്രന്‍ എന്ന ഇന്ത്യക്കാരന്‍െറ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തട്ടിപ്പുകാരന്‍ വിളിച്ച മൊബൈല്‍ നമ്പറും പ്രവര്‍ത്തിക്കുന്നുണ്ട്. 
ലഭ്യമായ വിവരങ്ങള്‍ വെച്ച് ആര്‍.ഒ.പിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇദ്ദേഹം. ലോട്ടറി അടിച്ച് പണം തട്ടിയെന്നു പറഞ്ഞുള്ള അഞ്ചും ആറും പരാതികള്‍ ദിവസവും ലഭിക്കുന്നുണ്ടെന്ന് ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പരാതിക്കാരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.