യാത്രക്കാരനെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവം: 1000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മസ്കത്ത്: യാത്രക്കാരനെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ആയിരം റിയാലും കോടതി ചെലവും നഷ്ടപരിഹാരം നല്‍കാന്‍ വിധി. സലാലയില്‍ താമസിക്കുന്ന മാവേലിക്കര സ്വദേശി ആര്‍.എം. ഉണ്ണിത്താന്‍െറ മകന്‍ വരുണ്‍ എയര്‍ അറേബ്യക്കെതിരെ നല്‍കിയ പരാതിയിലാണ് വിധി. കഴിഞ്ഞവര്‍ഷം ജനുവരി നാലിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ചെന്നൈയില്‍ പഠിക്കുകയായിരുന്ന വരുണ്‍ പരീക്ഷയെഴുതാനാണ് എയര്‍ അറേബ്യയില്‍ ടിക്കറ്റ് എടുത്തത്. വൈകുന്നേരം 5.45ന് സലാലയില്‍ നിന്ന് ഷാര്‍ജയിലേക്കും 9.45ന് അവിടെനിന്ന് ചെന്നൈയിലേക്കുമായിരുന്നു വിമാനം. 
എന്നാല്‍, മൂടല്‍മഞ്ഞിനെ തുടര്‍ന്ന് സലാലയില്‍നിന്നുള്ള വിമാനം പുറപ്പെടാന്‍ വൈകി. മൂന്നു മണിക്കൂറോളം വൈകി രാത്രി ഒമ്പത് മണിയോടെയാണ് പുറപ്പെട്ടത്. ചെന്നൈ വിമാനം സലാലയില്‍നിന്നുള്ള യാത്രക്കാരെ കയറ്റി മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് എയര്‍ അറേബ്യ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് മകന്‍ സലാലയില്‍നിന്ന് പുറപ്പെട്ടതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. എന്നാല്‍ 10.45ന് വിമാനം ഷാര്‍ജയില്‍ എത്തിയപ്പോള്‍ ചെന്നൈ വിമാനം പുറപ്പെട്ടിരുന്നു. ബദല്‍ സംവിധാനത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. അത്യാവശ്യം പറഞ്ഞതിനെ തുടര്‍ന്ന് രാത്രിയുള്ള അഹ്മദാബാദ് വിമാനത്തില്‍ കയറ്റിവിട്ടു. പുലര്‍ച്ചെ കൊടും തണുപ്പിലാണ് അഹ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയത്. കൈയില്‍ പണമില്ലാതെ വലഞ്ഞ വരുണിന്‍െറ ബാങ്ക് അക്കൗണ്ടില്‍ പണം എത്തിച്ചശേഷമാണ് ചെന്നൈക്കുള്ള ടിക്കറ്റ് എടുക്കാനായത്. 
ദിവസം മുഴുവന്‍ അഹ്മദാബാദില്‍ കഴിഞ്ഞശേഷം തിങ്കളാഴ്ച രാത്രി 11 മണിക്കുള്ള വിമാനത്തിനാണ് ടിക്കറ്റ് ലഭിച്ചത്. ചെന്നൈയില്‍ എത്തിയെങ്കിലും അഹ്മദാബാദില്‍ കടുത്ത തണുപ്പ് ഏറ്റതിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്ത ദിവസത്തെ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക നഷ്ടത്തിനൊപ്പം മാനസിക ബുദ്ധിമുട്ടിനും വഴിയൊരുക്കിയ എയര്‍ അറേബ്യ അധികൃതരുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ വരുണ്‍ പ്രാഥമിക കോടതിയെ സമീപിക്കുകയായിരുന്നു. പ്രാഥമിക കോടതിയാണ് ആയിരം റിയാല്‍ നഷ്ടപരിഹാരവും കോടതി ചെലവും വിധിച്ചത്. 
നഷ്ട പരിഹാരത്തുക അപര്യാപ്തമാണെന്നും ഉയര്‍ത്തണമെന്നും കാട്ടി വരുണ്‍ മേല്‍കോടതിയെ സമീപിച്ചെങ്കിലും കീഴ്കോടതി വിധി ശരിവെക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.