ഒമാന്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കും

മസ്കത്ത്: ഒമാന്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. 2018ഓടെ പ്രതിവാര സര്‍വിസുകളുടെ എണ്ണം 175 ആയി ഉയര്‍ത്താനാണ് പദ്ധതിയെന്ന് സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ചിനെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ മസ്കത്തില്‍നിന്ന് ഇന്ത്യയിലെ 11 സ്ഥലങ്ങളിലേക്കായി 126 പ്രതിവാര സര്‍വിസുകളാണ് നടത്തുന്നത്. പ്രതിവാര സീറ്റുകളുടെ എണ്ണം നിലവില്‍  21,147 ആണ്.
2018ഓടെ പ്രതിവാര സര്‍വിസുകളുടെ എണ്ണം 175 ആയി ഉയര്‍ത്താനാണ് പദ്ധതി. പ്രതിവാര സീറ്റുകളുടെ എണ്ണം ഇതോടെ  29,000 ആകും. മുംബൈ, ഡല്‍ഹി, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിദിന സര്‍വിസുകള്‍ മൂന്നായി ഉയര്‍ത്തും.
മറ്റു സ്ഥലങ്ങളിലേക്ക് രണ്ട് പ്രതിദിന സര്‍വിസുകള്‍ക്കും പദ്ധതിയുണ്ട്. ഭാവിയില്‍ പ്രതിവാര സീറ്റുകളുടെ എണ്ണം 40,000 ആയി ഉയര്‍ത്താമെന്നും പ്രതീക്ഷയുണ്ട്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലെ  ഉഭയകക്ഷി ധാരണഅനുസരിച്ച് മാത്രമേ സര്‍വിസുകളുടെഎണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സും ഇത്തിഹാദും ഖത്തര്‍ എയര്‍വേസുമാണ് ഇന്ത്യയില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവുമധികം സര്‍വിസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. എമിറേറ്റ്സിന് 65200 പ്രതിവാര സീറ്റുകള്‍ക്കും ഇത്തിഹാദിന് 49670 പ്രതിവാര സീറ്റിനും ഖത്തര്‍ എയര്‍വേസിന് 24800 പ്രതിവാര സീറ്റുകള്‍ക്കുമാണ് അനുമതിയുള്ളത്. കഴിഞ്ഞ നവംബറില്‍ ഇന്ത്യയും ഒമാനും തമ്മില്‍ ഒപ്പിട്ട ഉഭയകക്ഷി ധാരണപ്രകാരമാണ് ഇന്ത്യക്കും ഒമാനുമിടയിലെ വിമാന സര്‍വിസുകളില്‍ പ്രതിവാര സീറ്റുകളുടെ എണ്ണം 5131 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
നിലവില്‍ ഇന്ത്യയിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന വിമാനങ്ങളില്‍ ശരാശരി 80 ശതമാനത്തോളം യാത്രക്കാര്‍ ഉണ്ടെന്നും സി.ഇ.ഒ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.