ഒമാന്‍ എയര്‍ കോഴിക്കോട് സര്‍വിസ് വര്‍ധിപ്പിക്കുന്നു

മസ്കത്ത്: ഒമാന്‍ എയര്‍ കോഴിക്കോട് സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നു. മസ്കത്തില്‍നിന്നും സലാലയില്‍നിന്നും ഓരോ സര്‍വിസ് വീതമാകും പുതുതായി ഏര്‍പ്പെടുത്തുക. നിലവില്‍ മസ്കത്തില്‍നിന്ന് ഒരു സര്‍വിസാണ് കോഴിക്കോട്ടേക്കുള്ളത്. 
ഫെബ്രുവരി ആറിന് പുതിയ സര്‍വിസ് ആരംഭിക്കുമെന്നാണ് ഒമാന്‍ എയര്‍ വെബ്സൈറ്റില്‍ കാണിക്കുന്നത്. 
ഡബ്ള്യു.വൈ 293 വിമാനം രാത്രി 10.35ന് പുറപ്പെട്ട് പുലര്‍ച്ചെ 3.30നാണ് കോഴിക്കോട് എത്തുക. നിലവിലെ സര്‍വിസായ ഡബ്ള്യു.വൈ 291പുലര്‍ച്ചെ 2.05ന് പുറപ്പെട്ട് രാവിലെ ഏഴുമണിക്കാണ് കോഴിക്കോട് എത്തുക. മാര്‍ച്ച് 26 വരെ നിലവിലെ സമയക്രമം തുടരും. 
ഇതിനുശേഷം സമയക്രമത്തില്‍ മാറ്റം വരും. സലാലയില്‍നിന്നുള്ള സര്‍വിസ് സംബന്ധിച്ച് അടുത്തയാഴ്ചയോടെയാകും ധാരണയാവുക. ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോയും കോഴിക്കോട്ടേക്ക് സര്‍വിസ് ആരംഭിക്കുന്നുണ്ട്. മാര്‍ച്ച് 20നാണ് ഇന്‍ഡിഗോ സര്‍വിസ് തുടങ്ങുക. 
രാത്രി 9.15ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.15നാണ് കോഴിക്കോട് എത്തിച്ചേരുക. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 43 റിയാല്‍ മുതലാണ് ഇന്‍ഡിഗോയില്‍ കോഴിക്കോട്ടേക്കുള്ള നിരക്ക്. 30 കിലോ ലഗേജും ഏഴുകിലോ ഹാന്‍ഡ് ബാഗേജ് ആനുകൂല്യവും ലഭിക്കും. 
പ്രതിവാര സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍, ഒമാന്‍ സര്‍ക്കാറുകള്‍ തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് സര്‍വിസുകള്‍ വര്‍ധിപ്പിക്കുന്നത്. 
കോഴിക്കോടിന് പുറമെ മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര സര്‍വിസുകളും 21 ആയി ഉയരും. ലക്നോവിലേക്ക് 14 സര്‍വിസുകളാകും ആഴ്ചയില്‍ നടത്തുക. നിലവിലെ 126 സര്‍വിസുകള്‍ 161 ആയിട്ടാകും ഉയരുക. 
നേരത്തേ സര്‍വിസ് നടത്തിയിരുന്ന ജെറ്റ് എയര്‍വേസ് ആളില്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയത് പുനരാരംഭിക്കാന്‍ രണ്ടു വര്‍ഷം മുമ്പ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 
കൂടുതല്‍ വിമാന സര്‍വിസുകള്‍ ആരംഭിക്കുന്നത് വിമാനയാത്രക്കാര്‍ക്ക് പ്രയോജനപ്രദമാകും. ഒമാന്‍ എയറിന്‍െറ നിലവിലെ സര്‍വിസ് സീറ്റുകള്‍ നിറഞ്ഞാണ് പോകുന്നത്. 
പുതിയ സര്‍വിസ് ആരംഭിക്കുന്നത് മലബാറില്‍ ആയുര്‍വേദ ചികിത്സക്കും വിനോദയാത്രക്കും പോകുന്ന സ്വദേശികള്‍ക്കും ഉപകാരപ്രദമാകും. വയനാട് ഒമാനികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ്. 
നിരവധി വിനോദസഞ്ചാരികളാണ് വയനാട് സന്ദര്‍ശിക്കുന്നത്. കൂടുതല്‍ സര്‍വിസ് ആരംഭിക്കുന്നത് മലബാറിലെ മെഡിക്കല്‍ ടൂറിസം, വിനോദ സഞ്ചാര മേഖലകള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.