ഒമാന്‍ തണുത്ത് വിറക്കുന്നു; പരക്കെ മഴയും പൊടിക്കാറ്റും

മസ്കത്ത്: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ മഴയും ശീതക്കാറ്റും. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായാണ് ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മഴ പെയ്തത്. ഇതോടെ അന്തരീക്ഷ ഊഷ്മാവ് താഴുകയും ഒമാനില്‍ തണുപ്പ് കഠിനമാവുകയും ചെയ്തു. ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. ചില ഭാഗങ്ങളില്‍ പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അന്തരീക്ഷ ഊഷ്മാവ്. ഇത് കാരണം നഗരങ്ങളിലടക്കം പലരും തണുപ്പ് വസ്ത്രങ്ങള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നത്. തണുപ്പ് വര്‍ധിച്ചതോടെ പൊതുസ്ഥലങ്ങളില്‍ തിരക്ക് കുറഞ്ഞു. മസ്കത്ത്, സൊഹാര്‍, സലാല, സൂര്‍  തുടങ്ങി വിവിധ പ്രവശ്യകളില്‍ പത്തുമുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് വെള്ളിയാഴ്ച വൈകുന്നേരവും രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി അനുഭവപ്പെട്ടത്. ശനിയാഴ്ചയും തണുത്ത കാലാവസ്ഥയും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. ഞായറാഴ്ചയും തണുപ്പ് തുടരാന്‍ സാധ്യതയുണ്ട്. ജബല്‍ ശംസില്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെയായി താപനില താഴാനിടയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫഹൂദ്, ഖര്‍ന് ആലം, യാലോനി, തുംറൈത്ത്, മര്‍മൂല്‍, ഖൈറൂന്‍, ഹൈമ, മഹൂത്ത്, സമൈം, സാദ, മുഖ്ഷിന്‍, അല്‍ മസുന്‍ എന്നിവിടങ്ങളില്‍ പ്രതികൂല കാലാവസ്ഥയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ പ്രദേശങ്ങളില്‍ പൊടിക്കാറ്റും മണല്‍കാറ്റും പ്രതീക്ഷിക്കാമെന്നതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അറിയിപ്പിലുണ്ട്. ഒമാനില്‍ പരക്കെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. 
ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. മൂടല്‍മഞ്ഞും പൊടിക്കാറ്റും പരക്കെ ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. മുസന്ദം, കസബ്, സൊഹാര്‍, ലിവ എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞും പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. ഈ ഭാഗങ്ങളില്‍ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്.
ഒമാന്‍െറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വെള്ളിയാഴ്ച മഴ പെയ്തിരുന്നു. മസ്കത്ത് അടക്കമുള്ള ഭാഗങ്ങളില്‍ ചാറ്റല്‍ മഴയാണ് ലഭിച്ചത്. ദിബ്ബയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 10.6 മില്ലീ മീറ്റര്‍. കസബ് 7.6, ബുഖ 6.2, ബുറൈമി 3.2 മില്ലീ മീറ്റര്‍ എന്നിങ്ങനെയും മഴ ലഭിച്ചു. സൊഹാറിലും നല്ല മഴ ലഭിച്ചിരുന്നു. പല ഭാഗങ്ങളിലും ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്്. ചില ഭാഗങ്ങളില്‍ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി. വസ്ത്രങ്ങളും കസേരകളും മറ്റു വീട്ടുപകരണങ്ങളും പുറത്തിടരുതെന്നും ഇവ പാറിപ്പോവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഡിഷ് ആന്‍റിനകളും മറ്റും ഇളകിപ്പോവാന്‍ സാധ്യതയുണ്ട്. 
പുറത്തിറങ്ങുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ സുക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം സലാം എയര്‍, ഒമാന്‍ എയര്‍ എന്നിവയുടെ ചില ആഭ്യന്തര സര്‍വിസുകള്‍ റദ്ദാക്കി. 
സലാം എയറിന്‍െറ രണ്ടു സലാല സര്‍വിസുകളാണ് റദ്ദാക്കിയത്്. ഒമാന്‍ എയറിന്‍െറ കസബ് സര്‍വിസും റദ്ദാക്കിയിട്ടുണ്ട്. മസ്കത്തില്‍നിന്ന് വെള്ളിയാഴ്ച രാവിലെ സലാലയിലേക്ക് പുറപ്പെട്ട സലാം എയര്‍ വിമാനം പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറക്കുകയായിരുന്നു. സലാം എയറിന്‍െറ ഒവി 001, ഒവി 002 എന്നീ സര്‍വിസുകളാണ് റദ്ദാക്കിയത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.