മസ്കത്ത്: കഴിഞ്ഞ വർഷം തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് 24,000 പരാതികളാണ് ലഭിച്ചതെന്ന് തൊഴിൽ മന്ത്രാലയം. വേതനവുമായി ബന്ധപ്പെട്ട് 13,000 പരാതികളും മന്ത്രാലയത്തിന് കിട്ടി. സ്വകാര്യമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പാക്കുക (ഡബ്ല്യു.പി.എസ്) എന്നിവയാണ് തങ്ങളുടെ ലക്ഷ്യങ്ങളെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സ്വകാര്യമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരെ അധികൃതർ ഈ വർഷം ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ശമ്പളം വൈകിപ്പിച്ചാൽ ഒരു തൊഴിലാളിക്ക് 100 റിയാല്‍ പ്രതിമാസം പിഴ ചുമത്തുമെന്നാണ് വേജസ് പ്രൊട്ടക്ഷൻ (ഡബ്ല്യു.പി.എസ്) പ്രോഗ്രാം ടീം അംഗം സെയ്ഫ് ബിൻ സലേം അൽ സാബിത് അറിയിച്ചത്.
നിയമമനുസരിച്ച് എല്ലാ മാസവും എട്ടാം തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം. തൊഴിലുടമ ജീവനക്കാരന് അവരുടെ പ്രതിമാസ വേതനം നൽകാൻ കാലതാമസം വരുത്തുകയാണെങ്കിൽ ഓരോ മാസവും പിഴ ഇരട്ടിയാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് ഇരുകക്ഷികളുടെയും സമ്മതത്തോടെ ശമ്പളം വൈകിപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. പലകമ്പനികളും ഡബ്ല്യു.പി.എസ് സംവിധാനം ഇനിയും ഉപയോഗിച്ചിട്ടില്ല. ഈ വർഷം മേയ് മാസത്തോടെ ഡബ്ല്യു.പി.എസ് വഴി ശമ്പളം വിതരണം നടത്തണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചെറുകിട സംരംഭങ്ങള്‍ക്ക് ആഗസ്റ്റില്‍ പേമെന്റ് സംവിധാനം ശരിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.