മസ്കത്ത്: സുന്ദരകാഴ്ചകളുമായി ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പൽ മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തി. രണ്ടുവർഷത്തെ ലോക പര്യാടനത്തിന്റെ ഭാഗമായി ഇറ്റാലിയൻ നാവിക കപ്പലായ അമേരിഗോ വെസ്പുച്ചി ബുധനാഴ്ച രാവിലെ എട്ട് മണിക്കാണ് നങ്കൂരമിട്ടത്. ഞായറാഴ്ചരെ കപ്പൽ ഇവിടെയുണ്ടാകും. പൊതുജനങ്ങൾക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കപ്പൽ സന്ദർശിക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് സന്ദർശന അനുമതിയുണ്ടാവുക.
https://visitthevespucci.khimjisshipping.om/ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾ ഉൾപ്പെടെ 20,000ത്തോളം പേർ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. അതേസമയം, പലർക്കും ബുക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് പറയുന്നുണ്ട്. ബുക്കിങ് പൂർണമായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഒഴിവുകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ബുക്ക് ചെയ്യാൻ പറ്റിയേക്കും. സുൽത്താൻ ഖാബൂസ് തുറമുഖത്തെ ആറാം ബെർത്തിൽ എത്തിച്ചേർന്ന കപ്പലിനെ ഒമാനിലെ ഇറ്റാലിയൻ അംബാസഡർ പിയർലൂജി ഡി എലിയ, അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോ, ഇറ്റാലിയൻ നാവികസേനാ മേധാവി, പ്രാദേശിക ഭരണകൂടവും സൈനിക ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു .
വെസ്പുച്ചിയും തുറമുഖ സന്ദർശനത്തോടനുബന്ധിച്ച് ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എൻറിക്കോ ക്രെഡൻഡിനോ സുൽത്താനേറ്റിൽ എത്തിയിട്ടുണ്ട് . ഇറ്റാലിയൻ നാവികസേനയുടെ പരിശീലനക്കപ്പലായ അമേരിഗോ വെസ്പുച്ചി വേൾഡ് ടൂറിന്റെ ഭാഗമായാണ് ഒമാനിലേക്കുള്ള വരവ്. ഒമാനിലേക്കുള്ള കപ്പലിന്റെ ആദ്യ സന്ദർശനമാണിത്. തൊണ്ണൂറു വർഷത്തിലേറെ പാരമ്പര്യ നാവിക കപ്പലാണ് അമേരിഗോ വെസ്പുച്ചി. ഇറ്റലിയുടെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിഹ്നങ്ങളിലൊന്നാണ്. 2023 ജൂലൈ ഒന്നിന് ജെനോവ തുറമുഖത്ത്നിന്നാണ് കപ്പൽ പുറപ്പെട്ടത്.
ഇറ്റലിയെ ഒരു രാജ്യമാക്കി മാറ്റുന്ന സംസ്കാരം, ചരിത്രം, നവീകരണം, ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നിവ ഇതിനോടൊപ്പം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച മുതൽ സസ്റ്റയ്നബിൾ സിറ്റി ഇത്തി എക്സ്പീരിയൻസ് സെന്ററിൽ ‘വോയേജസ് അക്രോസ് ഓഷ്യൻസ്: ദി ലെഗസി ഓഫ് അമേരിഗോ വെസ്പുച്ചി ആൻഡ് ഷബാബ് ഒമാനി II മാരിടൈം ഹെറിറ്റേജ്’ എന്നപേരിൽ ഫോട്ടോ പ്രദർശനവും നടക്കുന്നുണ്ട്. അമേരിഗോ വെസ്പുച്ചി, ഒമാന്റെ കപ്പലായ ഷബാബ് ഒമാൻ II എന്നിവ നടത്തിയ യാത്രകളുടയും മറ്റും ചരിത്രവും വിശദാംശങ്ങളും വിശദീകരിക്കുന്നതാണ് പ്രദർശനം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ആളുകൾ പ്രദർശനം കാണാനായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.