മസ്കത്ത്: രാജ്യത്ത് വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ആതേറിറ്റിയുടെ കണക്കുകൾ.
2023ൽ രാജ്യത്താകമാനം 953 വാഹനങ്ങൾക്കാണ് തീപിടിച്ചത്. എന്നാൽ, മുൻവർഷം ഇതുമായി ബന്ധപ്പെട്ട് 917 കേസുകളായിരുന്നു റിപ്പോർട്ടു ചെയ്തത്. ടാങ്കിൽനിന്നോ പൈപ്പിൽനിന്നോ ഇന്ധനമോ എണ്ണ ചോർച്ചയോ കാരണമാണ് വാഹനത്തിന് തീപിടിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കാറ്റുകൂടിയതോ കുറഞ്ഞതോ ആയ ടയറുകൾ, ഇന്ധനം നിറക്കുമ്പോൾ സുരക്ഷ നടപടിക്രമങ്ങൾ പാലിക്കാത്തത്, പുകവലി, മൊബൈൽ ഫോൺ ഉപയോഗം, വ്യാജ സ്പെയർ പാർട്സുകളുടെ ഉപയോഗം, പ്രഫഷനൽ അല്ലാത്ത മെക്കാനിക്കിന്റെ വാഹന അറ്റകുറ്റപ്പണികൾ, കൂളന്റിലെ ജലനിരപ്പ് കുറഞ്ഞതിനാൽ ഉയർന്ന എലൻജിൻ താപനില, അധിക ഇലക്ട്രിക്കൽ ഉപകരണങ്ങളും കണക്ഷനുകളും ഇൻസ്റ്റാൾ ചെയ്യൽ എന്നിവയും തീപിടിത്തത്തിലേക്ക് നയിക്കുന്ന കാരണങ്ങളെന്ന് ചൂണ്ടികാണിക്കുന്നു.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം....
വാഹന ഉടമകൾ പ്രത്യേകം സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്നും റോഡിൽ ഇറങ്ങുന്നതിനു മുമ്പ് വാഹനത്തിന്റെ ഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇടക്കിടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും വാഹനത്തിനുള്ളിൽ പുകവലി ഒഴിവാക്കണമെന്നും എഞ്ചിൻ ഓഫ് ചെയ്യണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി നിർദേശിച്ചു.
ഇന്ധനം, പെർഫ്യൂം, ലൈറ്ററുകൾ, വാതകങ്ങൾ, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ തുടങ്ങിയവ വാഹനങ്ങൾക്കുള്ളിൽ വെക്കുന്നത് ഒഴിവാക്കേണ്ടതാണ്. കൃത്യമായ വേളയിൽ വാഹനങ്ങളുടെ അറ്റകുറ്റപണി നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ വർധിച്ച ഘർഷണവും എൻജിൻ അമിതമായി ചൂടാകുന്നതും കാരണം ബ്രേക്ക് സിസ്റ്റം തകരാറിലാകാൻ ഇടവരും. റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്, എൻജിൻ ഓയിൽ പരിശോധന, ടയറുകളുടെ സ്ഥിതി, ബ്രേക്ക് സിസ്റ്റം, വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവർത്തനക്ഷമത, മുന്നിലെയും പിന്നിലെയും ലൈറ്റുകൾ പരിശോധിക്കുക, മുന്നറിയിപ്പു സിഗ്നൽ ലൈറ്റുകൾ, സ്പെയർ ടയർ, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള പതിവ് അറ്റകുറ്റപ്പണികൾ ഡ്രൈവർമാർ നടത്തേണ്ടത് അത്യാവശ്യമാണ്.
സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും തീപിടുത്തങ്ങളും അപകടങ്ങളും ഒഴിവാക്കാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ചില മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകിയിട്ടുണ്ട്.
വാഹനങ്ങൾ ശരിയായി പരിപാലിക്കണം. പെർഫ്യൂമുകൾ, എയർ ഫ്രെഷനറുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, ലൈറ്ററുകൾ, ഡ്രൈ ബാറ്ററികൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ചൂട് ഗണ്യമായി കുടികൊണ്ടിരിക്കുകയാണെങ്കിൽ ഡ്രൈവർമാർ റോഡിന്റെ വശത്തേക്ക് നിർത്തി ഡ്രൈവിങ് ഒഴിവാക്കണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതായിരിക്കും ഉചിതം.
ഡോറുകൾ തുറന്ന് വാഹനത്തിന് അമിതമായ മർദ്ദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്. ഓടികൊണ്ടിരിക്കുന്ന കാറിനാണ് തീപിടിക്കുന്നതെങ്കിൽ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പു സിഗ്നൽ നൽകണം. കത്തുന്ന വസ്തുക്കളോ മറ്റു വാഹനങ്ങളോ അടുത്തില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് കാർ ഓടിക്കണം. ഇതിനു ശേഷം എൻജിനും ഹെഡ്ലൈറ്റുകളും ഓഫ് ചെയ്യുകയും എല്ലാ യാത്രക്കാരെയും പുറത്തിറങ്ങുകയും വേണം.
കത്തുന്ന വാഹനത്തിന്റെ അടുത്തു നിൽക്കരുത്. തീപിടിത്തം എമർജൻസി സർവിസുകളെ അറിയിക്കുകയും കത്തുന്ന കാറിൽ നിന്ന്മാറി നിൽക്കാൻ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യുക. ചെറിയ തീ പിടിത്തമാണെങ്കിൽ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ അണക്കാൻ ശ്രമിക്കാം. എന്നാൽ, അഗ്നിശമന ഉപകരണം ഉപയോഗിക്കാൻ അറിയില്ലെങ്കിൽ സ്വയം തീ അണക്കാനുള്ള ശ്രമത്തിൽനിന്ന് വിട്ടുനിൽക്കേണ്ടത്താണ്.
തീ അണച്ചതിനു ശേഷം ഇലക്ട്രീഷ്യനോ മെക്കാനിക്കോ പരിശോധിച്ചതിന് ശേഷമല്ലാതെ സ്റ്റാർട്ട് ചെയ്യാനോ വാഹനമോടിക്കാനോ ശ്രമിക്കരുത്. അടിയന്തര ഘട്ടങ്ങളിൽ എമർജൻസി നമ്പറിലോ (9999) അല്ലെങ്കിൽ സിവിൽഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ ഓപ്പറേഷൻസ് സെന്ററിലോ ( 24343666) വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.